പ്രളയദുരന്തം: അസം, മേഘാലയ പ്രതിസന്ധിയിൽ
Mail This Article
കൊൽക്കത്ത ∙ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുമായി അസമിലും മേഘാലയയിലും 2 ദിവസത്തിനുള്ളിൽ 31 പേർ മരിച്ചു. അസമിൽ മാത്രം 28 ജില്ലകളിലെ 3000 ഗ്രാമങ്ങളിലായി 19 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. ഒരു ലക്ഷം ആളുകൾ ദുരിതാശ്വാസ ക്യാംപുകളിലാണ്. ബജാലി ജില്ലയിലാണ് കൂടുതൽ നാശം. ഇവിടെ 3.55 ലക്ഷം പേർ പ്രളയത്തിന്റെ പിടിയിലാണ്. ദരാങ്ങിലും 2.9 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്.
കനത്ത മഴയിൽ പാളങ്ങൾ ഒലിച്ചുപോയതിനാൽ അസം- ത്രിപുര ട്രെയിൻ ഗതാഗതം കഴിഞ്ഞ ഒരു മാസമായി മുടങ്ങിയിരിക്കുകയാണ്. അസമിലെ ദിമഹസാവോ ജില്ലയിൽ പാലങ്ങൾ ഉൾപ്പെടെയുള്ളവ മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. ട്രെയിൻ ഗതാഗതം സ്തംഭിച്ചതിനാൽ ഗുവാഹത്തിയിൽ നിന്ന് സിൽച്ചാറിലേക്ക് അസം സർക്കാർ പ്രതിദിന വിമാനസർവീസ് ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ആരാഞ്ഞു.
ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മേഘാലയയിലെ മൗസിൻ റാം, ചിറാപുഞ്ചി മേഖലയിൽ റെക്കോർഡ് മഴയാണിപ്പോൾ. കഴിഞ്ഞ 122 വർഷത്തിനിടയിലെ മൂന്നാമത്തെ വലിയ മഴയാണ് കഴിഞ്ഞദിവസം ഇവിടെ ലഭിച്ചതെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേഘാലയയിൽ മാത്രം 2 ദിവസത്തിനിടെ 19 പേർ മരിച്ചു. ബംഗ്ലദേശിലും പ്രളയം വൻ നാശം സൃഷ്ടിച്ചിട്ടുണ്ട്. 28 പേർ കൊല്ലപ്പെട്ടു. മിന്നലേറ്റു മാത്രം 15 മരണം. 60 ലക്ഷത്തിലേറെ പേർ ദുരിതത്തിലാണ്.
Content Highlight: Tripura Flood