ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതി സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്നു ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കിയതോടെ, പ്രതിപക്ഷത്തു മുൻ ധനമന്ത്രി യശ്വന്ത് സിൻഹയുടെ പേരു പരിഗണനയിൽ. നിലവിൽ തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനാണു സിൻഹ. സ്ഥാനാർഥിയാകണമെങ്കിൽ അദ്ദേഹം തൃണമൂലിൽനിന്നു രാജിവയ്ക്കണമെന്നു കോൺഗ്രസും ഇടതുപാർട്ടികളും ഉപാധി വച്ചു.

സ്ഥാനാർഥിവിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികൾ ഇന്നു 2.30ന് യോഗം ചേരും. അതിനു മുൻപു പേരു സംബന്ധിച്ചു ധാരണയുണ്ടാക്കാൻ രാവിലെ 10ന് അനൗപചാരിക യോഗവുമുണ്ടാവും. ഇന്നലെ രാത്രി എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ നടന്ന ചർച്ചയിലാണു സിൻഹയുടെ പേരു പരിഗണിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തേതന്നെ സിൻഹയുടെ പേരു സൂചിപ്പിച്ചിരുന്നു.

സ്ഥാനാർഥിയാവാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി ആദ്യം ശരദ് പവാറും പിന്നീടു മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും പിൻമാറി. ആലോചിക്കട്ടെയെന്നു പറഞ്ഞ ഗോപാൽകൃഷ്ണ ഗാന്ധി ഇന്നലെയാണു തീരുമാനം പറഞ്ഞത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ചു ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ 17 പ്രതിപക്ഷ പാർട്ടികളാണു പങ്കെടുത്തത്. ക്ഷണമുണ്ടായിരുന്നതിൽ ആം ആദ്മി പാർട്ടി, ടിആർഎസ്, വൈഎസ്ആർസിപി, ബിജെഡി, അകാലിദൾ, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവ വിട്ടുനിന്നു. 

English Summary: Opposition considering Yashwant Sinha as president candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com