ADVERTISEMENT

ന്യൂഡൽഹി ∙ ഒറ്റരാത്രികൊണ്ട് യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസുകാരൻ അല്ലാതാവുകയും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയാവുകയും ചെയ്തു. അതോടെ തൃണമൂലുകാരനെ പിന്തുണയ്ക്കുന്നു എന്ന വിമർശനത്തിൽനിന്ന് കോൺഗ്രസും ഇടതു പാർട്ടികളും രക്ഷപ്പെട്ടു. അതേസമയം, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആഗ്രഹിച്ചിടത്ത് കാര്യങ്ങളെത്തുകയും ചെയ്തു. 

തൃണമൂലിൽനിന്നു രാജിവച്ചാൽ സ്ഥാനാർഥിയാക്കാമെന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസും ഇടതും സിൻഹയോട് ഉപാധി വച്ചത്. മെച്ചപ്പെട്ട പ്രതിപക്ഷ ഐക്യത്തിനായി ത‍ൃണമൂലി‍‍ൽനിന്നു മാറുകയാണെന്നും മമത അത് അംഗീകരിക്കുമെന്ന് ഉറപ്പാണെന്നും ട്വിറ്ററിലൂടെ സിൻഹ ഇന്നലെ രാവിലെ 10.15ന് വ്യക്തമാക്കി. അപ്പോഴേയ്ക്കും ശരദ് പവാറിന്റെ വസതിയിൽ പ്രതിപക്ഷത്തെ പ്രധാന നേതാക്കളുടെ അനൗപചാരിക യോഗം തുടങ്ങിയിരുന്നു. ട്വിറ്ററിലൂടെ രാജി പ്രഖ്യാപിക്കുമെന്ന് സിൻഹ, പവാറിനെ അറിയിച്ചശേഷമാണ് യോഗം തുടങ്ങിയത്. 

തങ്ങൾക്കു സ്ഥാനാർഥിയില്ലെന്നും പൊതുസമ്മതനെ പിന്തുണയ്ക്കുമെന്നും നേരത്തെ പറഞ്ഞെങ്കിലും, തൃണമൂൽ കോൺഗ്രസുകാരനെ അംഗീകരിക്കാൻ കോൺഗ്രസിനു സമ്മതമായിരുന്നില്ല. ഗോപാൽകൃഷ്ണ ഗാന്ധി വിസമ്മതിച്ചതോടെ വിഷമത്തിലായ ഇടതു പാർട്ടികൾക്കും മമതയുടെ സ്ഥാനാർഥിയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അംഗീകരിച്ചാൽ പ്രതിപക്ഷത്തിന്റെ നേതൃത്വം പരോക്ഷമായി മമതയ്ക്കു നൽകുന്ന സ്ഥിതിയാവും. എന്നാൽ, പുതിയ പേരുകളൊന്നും കണ്ടെത്താനുമാവുന്നില്ല. അങ്ങനെയാണ് സിൻഹ സ്വതന്ത്രനാവുകയെന്ന ഉപാധിവച്ചത്. അപ്പോഴും, മമതയുടെ താൽപര്യം നടന്നുവെന്ന് കോൺഗ്രസ്, ഇടതു നേതാക്കൾ പരോക്ഷമായി സമ്മതിക്കുന്നു. മമത മുന്നോട്ടുവച്ച് ആദ്യ പേര് സിൻഹയുടേതായിരുന്നു. 

ഐഎഎസിൽനിന്ന് 1984 ൽ രാജിവച്ച് ജനതാ പാർട്ടിയിൽ ചേർന്ന സിൻഹ, 1989 ൽ ജനതാ ദൾ അംഗമായി. അന്നത്തെ ഡിസംബറിൽ വി.പി.സിങ്ങിന്റെ മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ രാഷ്ട്രപതി ഭവനിലെത്തി. ലഭിക്കുന്നത് സഹമന്ത്രിസ്ഥാനം എന്നു മനസ്സിലാക്കിയപ്പോൾ രോഷാകുലനായി മടങ്ങി. പിറ്റേ വർഷം സമാജ്​വാദി ജനതാ പാർട്ടിയിൽ; ചന്ദ്രശേഖർ മന്ത്രിസഭയിൽ‍ ധനമന്ത്രിയായി. പ്രത്യയശാസ്ത്രത്തോടുള്ള താൽപര്യമല്ല, ലാലു പ്രസാദ് യാദവിന്റെ പെരുമാറ്റ രീതിയോടുള്ള പ്രതിഷേധമാണ് 1993-94 ൽ സിൻഹയെ ബിജെപിയിൽ എത്തിച്ചത്.

1995 ൽ സിൻഹ ബിഹാറിൽ ബിജെപി ടിക്കറ്റിൽ എംഎൽഎയും പ്രതിപക്ഷ നേതാവുമായി. 1996 ൽ പാർട്ടിയുടെ വക്താവായി. വാജ്പേയി മന്ത്രിസഭയിൽ ധന, വിദേശകാര്യ വകുപ്പുകൾ. 1988-94 ൽ രാജ്യസഭയിലും, 1998, 99, 2009 തിരഞ്ഞെടുപ്പുകളിൽ ഹസാരിബാഗിൽനിന്നു ജയിച്ച് ലോക്സഭയിലും അംഗം. 2014 ൽ മകൻ ജയന്ത് സിൻഹയ്ക്കായി ഹസാരിബാഗിൽനിന്നു പിൻമാറിയെങ്കിലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചു. മകൻ മോദി മന്ത്രിസഭയിൽ സഹമന്ത്രിയായി. പാർട്ടിയുടെ രീതികളിൽ അസന്തുഷ്ടനായും ജനാധിപത്യം ഭീഷണിയിലെന്നു വ്യക്തമാക്കിയുമാണ് 2018 ഏപ്രിലിൽ ബിജെപി വിട്ടത്. 

4 വർഷം മുൻപുള്ള കാര്യമായതിനാൽ സിൻഹയുടെ ബിജെപി പശ്ചാത്തലം ഇപ്പോൾ പ്രസക്തമല്ലെന്നാണ് കോൺഗ്രസിന്റെയും ഇടതു പാർട്ടികളുടെയും നിലപാട്. നാമനിർദേശ പത്രികയുടെ നടപടികൾ ഈ മാസം 30ന് പൂർത്തിയായശേഷം സിൻഹ വോട്ട് ചോദിക്കാൻ സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യും.

English Summary: Yashwant Sinha quits Trinamool Congress to contest presidential poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com