ദ്രൗപദിയുടെ വരവിൽ ചിതറി പ്രതിപക്ഷം; സിൻഹയുടെ ‘പ്രചാരണ യാത്ര’ പോലും പാളി
Mail This Article
ന്യൂഡൽഹി ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് പിന്തുണയേറുന്നതിനൊപ്പം പ്രതിപക്ഷത്ത് ആശയക്കുഴപ്പവും വർധിച്ചു. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ ഇന്നലെ നടത്താനിരുന്ന ജാർഖണ്ഡ് യാത്ര മാറ്റിവച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കൂടുതൽ പാർട്ടികൾ പ്രതിപക്ഷത്തുനിന്ന് കൂറുമാറുമോയെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
നിലവിലെ സ്ഥിതിയിൽ രാഷ്ട്രപതി സ്ഥാനാർഥിക്കു ജയിക്കാൻ വേണ്ട വോട്ട് മൂല്യം 5.43 ലക്ഷമാണ്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുംമുൻപ് എൻഡിഎ വോട്ട് മൂല്യം ഏകദേശം 5.2 ലക്ഷമായിരുന്നു. ഇപ്പോൾ, ദ്രൗപദി മുർമുവിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ബിജെഡിയെ കൂടി ചേർത്താൽ മൂല്യം 5.5 ലക്ഷം കവിയും.
എൻഡിഎ സ്ഥാനാർഥിക്കു പിന്തുണ സൂചിപ്പിച്ചിട്ടുള്ള വൈഎസ്ആർസിപി, ജെഎംഎം, ജെഡിഎസ് എന്നിവയുടെ വോട്ടും ചേർത്താൽ വോട്ട് മൂല്യം 6.22 ലക്ഷമാകും: 57.3% വോട്ട്. ഒപ്പം, മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിത്തെളിയുമ്പോഴത്തെ സ്ഥിതിയും ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും വോട്ടുകണക്കിനെ സ്വാധീനിക്കാം. 2017 ൽ റാം നാഥ് കോവിന്ദിന് 65.65% വോട്ടാണ് ലഭിച്ചത്.
ദ്രൗപദി നല്ല സ്ഥാനാർഥിയാണെന്ന മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ പ്രസ്താവന പിന്തുണയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ കഴിഞ്ഞ ദിവസത്തെ യോഗത്തിൽനിന്നു ഗൗഡ വിട്ടുനിന്നു. ആദ്യ യോഗത്തിൽ തന്റെ പേര് ചർച്ചയ്ക്കെടുത്തില്ലെന്നതിൽ നിരാശനുമായിരുന്നു ഗൗഡ.
സ്വന്തം സംസ്ഥാനത്തുനിന്ന് പ്രചാരണം തുടങ്ങാനെന്നോണമാണ് യശ്വന്ത് സിൻഹ ഇന്നലെ ജാർഖണ്ഡിലേക്കു പോകാൻ നേരത്തെ തീരുമാനിച്ചത്. എന്നാൽ, ദ്രൗപദിക്കു പിന്തുണ സൂചിപ്പിച്ചുള്ള പ്രസ്താവന ജെഎംഎമ്മിൽനിന്നു വന്നതോടെ യാത്ര മാറ്റിവയ്ക്കാൻ നിർബന്ധിതനായി. കോൺഗ്രസുമായി സംസ്ഥാനത്തു ഭരണം പങ്കിടുന്ന പാർട്ടിയാണ് ജെഎംഎം. പ്രതിപക്ഷ സ്ഥാനാർഥിയെക്കുറിച്ച് കഴിഞ്ഞ 15നു ഡൽഹിയിൽ നടന്ന ചർച്ചയിൽ ജെഎംഎം പ്രതിനിധി പങ്കെടുത്തതുമാണ്. ഇക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ, പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുടെയും വികാരം കണക്കിലെടുത്താണ് നിലപാടു മാറ്റുന്നതെന്ന് വരുത്തേണ്ടതുണ്ട്. അതിനാൽ, നാളെ പാർട്ടി കേന്ദ്ര കമ്മിറ്റിയുടെയും എംഎൽഎമാരുടെയും യോഗം ചേരുമെന്ന് ജെഎംഎം നേതാക്കൾ സൂചിപ്പിച്ചു.
ബിജെപിയുടെ സ്ഥാനാർഥിയെന്നതു മാറ്റിവച്ച്, ഗോത്രവർഗത്തിൽനിന്നുള്ളയാൾ എന്ന പരിഗണനയിൽ പ്രതിപക്ഷത്തെ കൂടുതൽ പാർട്ടികൾ ദ്രൗപദിക്ക് വോട്ട് ചെയ്യാനുള്ള സാധ്യത ബിജെപി മുന്നിൽ കാണുന്നു. പാർട്ടികളുടെ നിലപാടിനപ്പുറത്ത്, വോട്ടർമാർ ദ്രൗപദിക്ക് ‘മനഃസാക്ഷി വോട്ട്’ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പ്രതിപക്ഷ നേതാക്കളും സൂചിപ്പിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ബാധകമല്ല. കഴിഞ്ഞ തവണ റാം നാഥ് കോവിന്ദിന് പ്രതിപക്ഷത്തുനിന്ന് ഏതാനും കോൺഗ്രസുകാരുടെയുൾപ്പെടെ വോട്ട് ലഭിച്ചിരുന്നു.
പ്രതിപക്ഷ യോഗത്തിന് ക്ഷണിക്കപ്പെട്ടിട്ടും വരാതിരുന്ന 6 പാർട്ടികളുണ്ട് – ആം ആദ്മി പാർട്ടി, ടിആർഎസ്, വൈഎസ്ആർസിപി, ബിജെഡി, അകാലി ദൾ, സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്. ഇതിൽ ബിജെഡി നിലപാടു പറഞ്ഞുകഴിഞ്ഞു, വൈഎസ്ആർസിപി സൂചന നൽകി. പ്രതിപക്ഷത്തെന്ന് അരവിന്ദ് കേജ്‌രിവാളും കെ.ചന്ദ്രശേഖര റാവുവും തന്നോടു പറഞ്ഞെന്നാണ് ശരദ് പവാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ, ഈ പാർട്ടികളും അകാലി ദളും ബിഎസ്പിയും മറ്റും ദ്രൗപദി സ്ഥാനാർഥിയായശേഷം നിലപാടു വ്യക്തമാക്കിയിട്ടില്ല.
English Summary: Draupadi Murmu entry as president candidate puts opposition in a fix