റഷ്യയെ പൂട്ടാൻ ഇന്ധനവില നിയന്ത്രണത്തിന് നീക്കം; മോദിക്കരികിലെത്തി ബൈഡന്-വിഡിയോ
Mail This Article
ഷ്ലോസ് എൽമോ (ജർമനി) ∙ റഷ്യയ്ക്കെതിരായ ഉപരോധങ്ങൾ വിപുലമാക്കുമെന്നും യുക്രെയ്നിന് ആവശ്യമായ സാമ്പത്തിക, സൈനിക, നയതന്ത്ര പിന്തുണ തുടരുമെന്നും വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി പ്രഖ്യാപിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിഡിയോ വഴി ഉച്ചകോടിയിൽ പങ്കെടുത്തു.
യുക്രെയ്നിലെ യുദ്ധം 4 മാസം പിന്നിടുമ്പോൾ റഷ്യയെ സാമ്പത്തികമായി ഞെരുക്കുക എന്ന ലക്ഷ്യത്തോടെ അവിടെ നിന്നുള്ള ഇന്ധന ഇറക്കുമതിക്കു വില നിയന്ത്രണം ഏർപ്പെടുത്താനുള്ള യുഎസ് പദ്ധതിക്ക് ഉച്ചകോടിയിൽ ഏകദേശ ധാരണയായി. റഷ്യൻ ഇന്ധനത്തിന്റെ പ്രധാന ഇറക്കുമതിക്കാരായ ഇന്ത്യ അടക്കം രാജ്യങ്ങളുടെ പിന്തുണ ഇതിനാവശ്യമാണ്.
വ്യാവസായിക വസ്തുക്കളും സാങ്കേതികവിദ്യകളും വിലക്കുന്ന നടപടികളാണ് അടുത്തഘട്ടത്തിൽ ഉണ്ടാകുക. വിലനിയന്ത്രണം ഏർപ്പെടുത്താൻ റഷ്യ സന്നദ്ധമായാലും യുക്രെയ്നിനു മേലുള്ള അധിനിവേശം തടയാൻ കഴിയുമെന്ന് ഉറപ്പില്ല. ലുഹാൻസ്കിലെ അവസാന നഗരമായ ലിസിഷാൻസ്കും തിങ്കളാഴ്ച റഷ്യ പിടിച്ചെടുത്തു.
ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു. ഫോട്ടോ സെഷനു മുൻപ് മോദിയുടെ അടുത്തേക്കു വന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഹസ്തദാനം ചെയ്തു കുശലാന്വേഷണം നടത്തി. കഴിഞ്ഞ മാസം ജപ്പാനിൽ ക്വാഡ് ഉച്ചകോടിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി മോദി ചർച്ച നടത്തി. മറ്റു രാഷ്ട്രനേതാക്കളുമായുള്ള ചർച്ചകൾ പിന്നീടാണു നടക്കുക. യുഎസ്, യുകെ, കാനഡ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണു ജി7. ഇന്ത്യയ്ക്കു പുറമേ അർജന്റീന, ഇന്തൊനീഷ്യ, സെനഗൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ പ്രത്യേക ക്ഷണിതാക്കളാണ്.
വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി സ്വകാര്യ, പൊതുമേഖലകൾക്ക് 60,000 കോടി ഡോളർ നീക്കിവയ്ക്കുമെന്ന് ജി7 ഉച്ചകോടി വാഗ്ദാനം ചെയ്തു. ലാറ്റിൻ അമേരിക്ക–ആഫ്രിക്ക അടക്കം മേഖലകളിലെ ചൈനയുടെ സാമ്പത്തിക സ്വാധീനം തടയുന്നതിനു വേണ്ടിയാണിത്. നിക്ഷേപ പദ്ധതികൾക്കായി പാവപ്പെട്ട രാജ്യങ്ങൾക്ക് 20,000 ഡോളർ യുഎസ് നൽകുമെന്നും പ്രസിഡന്റ് ബൈഡൻ പറഞ്ഞു.
Content Highlight: G7 Summit