ADVERTISEMENT

മുംബൈ ∙ പ്രവചനങ്ങളെ കാറ്റിൽ പറത്തിയ നാടകീയതയിലൂടെ ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡെ (58) മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. മുൻ മുഖ്യമന്ത്രി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് (51) ഉപമുഖ്യമന്ത്രി. ബിജെപിയാണ് വലിയ ഒറ്റക്കക്ഷിയെന്നിരിക്കെ, ഫഡ്നാവിസ് മുഖ്യമന്ത്രിയും ഷിൻഡെ ഉപമുഖ്യമന്ത്രിയുമാകുമെന്നുമായിരുന്നു രാഷ്ട്രീയവ‍‍ൃത്തങ്ങളുടെ കണക്കുകൂട്ടലെങ്കിലും നേരെ തിരിച്ചാണു സംഭവിച്ചത്. രാത്രി 7.30നു രാജ്ഭവനിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്തു.

ഗവർണറെ കണ്ടു സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചശേഷം ഫഡ്നാവിസ് തന്നെയാണ് ഷിൻഡെയുടെ പേരു പ്രഖ്യാപിച്ചത്. താൻ മന്ത്രിസഭയിൽ ചേരില്ലെന്നും സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്നുമാണ് ഫഡ്നാവിസ് ആദ്യം അറിയിച്ചതെങ്കിലും ബിജെപി കേന്ദ്രനേതൃത്വം നിർദേശിച്ചതോടെ മന്ത്രിസഭയിലെ രണ്ടാമനാകാൻ സമ്മതിച്ചു.

ബിജെപിയിൽനിന്നും ശിവസേനാ വിമത പക്ഷത്തുനിന്നും ഇവരെ പിന്തുണയ്ക്കുന്ന സ്വതന്ത്രരിൽനിന്നുമുള്ളവരെ ഉൾപ്പെടുത്തി മന്ത്രിസഭാ വികസനം പിന്നീടുണ്ടാകും. ഷിൻഡെ ഒഴികെയുള്ള ശിവസേനാ വിമത എംഎൽഎമാർ മുംബൈയിലെത്താതെ ഗോവയിലെ ഹോട്ടലിൽ തുടരുകയാണ്.

ഷിൻഡെയെ മുന്നിൽ നിർത്തുന്നതിലൂടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഔദ്യോഗിക പക്ഷത്തെ ദുർബലമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മഹാരാഷ്ട്രയിലെ ഏറ്റവും പ്രബലമായ മറാഠാ സമുദായത്തിൽനിന്നുള്ള നേതാവാണു ഷിൻഡെ. ഇൗ വിഭാഗത്തെ തങ്ങൾക്കൊപ്പം നിർത്താനും ബിജെപി ലക്ഷ്യമിടുന്നു.

പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ ഷിൻഡെ, താനെയിലെത്തി ഓട്ടോ ഡ്രൈവറായ ശേഷമാണു രാഷ്ട്രീയത്തിൽ സജീവമായത്. ഉദ്ധവ് താക്കറെയുടെ വിശ്വസ്തനും താഴെത്തട്ടിൽ ഏറെ സ്വാധീനവുമുള്ള നേതാവുമായ ഷിൻഡെ അപ്രതീക്ഷിതമായി നടത്തിയ വിമത നീക്കമാണു ശിവസേന– എൻസിപി– കോൺഗ്രസ് സർക്കാരിനെ വീഴ്ത്തിയതും ബിജെപിയുമായി ചേർന്നു പുതിയ സഖ്യ സർക്കാർ സാധ്യമാക്കിയതും. 55 അംഗ നിയമസഭാകക്ഷിയിൽ 39 പേരുടെ പിന്തുണയുള്ള ഷിൻഡെ പക്ഷം, തങ്ങളാണ് യഥാർഥ ശിവസേനയെന്നു സ്ഥാപിക്കാനുള്ള നീക്കവും തുടങ്ങി.

നാളെയും മറ്റന്നാളും നിയമസഭ ചേരാൻ ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. സ്പീക്കറെ നാളെ തിരഞ്ഞെടുക്കും. പിസിസി അധ്യക്ഷനായതോടെ നാനാ പഠോളെ സ്പീക്കർ സ്ഥാനം രാജിവച്ചതിനാൽ നിലവിൽ ഡപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുന്നത്. പുതിയ സർക്കാരിന്റെ ആദ്യ ശക്തിപരീക്ഷണമായിരിക്കും സ്പീക്കർ തിരഞ്ഞെടുപ്പ്.

∙ ‘ഒരിക്കലും ആഗ്രഹിക്കാതെയും ഒട്ടും പ്രതീക്ഷിക്കാതെയുമാണ് മുഖ്യമന്ത്രിയായിരിക്കുന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും താക്കറെയുടെ പാർട്ടിയിൽനിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. ചരിത്രപരമായ തീരുമാനമാണിത്.’ – ഏക്നാഥ് ഷിൻഡെ

∙ ‘അധികാരത്തിനല്ല, ആദർശത്തിനായാണ് ഞങ്ങളുടെ പോരാട്ടം. 2019ൽ ബിജെപിയും ശിവസേനയും ഒന്നിച്ചാണു മത്സരിച്ചത്. മികച്ച വിജയം നേടിയിട്ടും ബാലാസാഹെബ് (ബാൽ താക്കറെ) എതിർത്തവരോടൊപ്പമാണ് ശിവസേന ചേർന്നത്. ഇതിൽ അവരുടെ എംഎൽഎമാർക്കുള്ള അതൃപ്തിയാണ് പുറത്തുവന്നത്.’ – ദേവേന്ദ്ര ഫഡ്നാവിസ്

English Summary: Eknath Shinde Takes Oath As Chief Minister, Devendra Fadnavis His Deputy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com