രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നാളെ; ഉറപ്പ് ദ്രൗപദീ വിജയം
Mail This Article
ന്യൂഡൽഹി ∙ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ, എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു വ്യക്തമായ മുൻതൂക്കം. നിലവിൽ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതു പരിഗണിച്ചാൽ, ആകെ വോട്ടു മൂല്യത്തിൽ 60 ശതമാനത്തിൽ കൂടുതൽ നേടി ദ്രൗപദി ഇന്ത്യയുടെ രാഷ്ട്രപതിയാകും.
പാർലമെന്റിന്റെ ഇരുസഭകളിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണു വോട്ടവകാശം. ആകെ വോട്ടു മൂല്യം 10,86,431 ആണ്. ഇപ്പോഴത്തെ കണക്കിൽ ദ്രൗപദിക്ക് ലഭിക്കാവുന്ന വോട്ടു മൂല്യം 6.61 ലക്ഷത്തിനു മുകളിലാണ്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷവും.
നാളെ രാവിലെ 10 മുതൽ 5 വരെ വോട്ടിങ് നടക്കും. പാർലമെന്റിലെ 63–ാം നമ്പർ മുറിയിലും അതതു നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണു വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ 21നു നടക്കും. 94 പേർ നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും ദ്രൗപദി മുർമുവും യശ്വന്ത് സിൻഹയും മാത്രമേ മത്സരരംഗത്ത് അവശേഷിക്കുന്നുള്ളു. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി.മോദിയാണ് വരണാധികാരി.
ആം ആദ്മി സിൻഹയ്ക്ക്; ദൾ ദ്രൗപദിക്കൊപ്പം
യശ്വന്ത് സിൻഹയ്ക്കു പിന്തുണ നൽകുമെന്ന് എഎപി പ്രഖ്യാപിച്ചു. ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുന്ന കാര്യം ജനതാദൾ എസും ഔദ്യോഗികമായി സ്ഥിരീകരിച്ചു. എഎപിക്ക് 10 രാജ്യസഭാംഗങ്ങളും 156 എംഎൽഎമാരുമുണ്ട്. ദളിന് കർണാടകയിൽ 30 എംഎൽഎമാരും ലോക്സഭയിലും രാജ്യസഭയിലും ഓരോ എംപിമാരുമാണുള്ളത്.
ഇതിനിടെ, ദ്രൗപദിക്കു ശിവസേന പിന്തുണ പ്രഖ്യാപിച്ചതോടെ, പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ മുംബൈ സന്ദർശനം റദ്ദാക്കി. ശിവസേന, എൻസിപി, കോൺഗ്രസ് പാർട്ടികൾ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യത്തിന്റെ എംഎൽഎമാരുമായി ഇന്നലെ കൂടിക്കാഴ്ച നിശ്ചയിരിച്ചിരുന്നതാണ്.
രാഷ്ട്രീയ പാർട്ടികളും അവരുടെ പിന്തുണയും ഇങ്ങനെ
ദ്രൗപദി മുർമു
ആകെ 38 പാർട്ടികളുടെ പിന്തുണ: ബിജെപി, ജെഡിയു, അണ്ണാ ഡിഎംകെ, ബിജെഡി, ബിഎസ്പി, വൈഎസ്ആർ കോൺഗ്രസ്, അപ്നാദൾ, ശിവസേന, ശിവസേന (വിമതപക്ഷം), ജെഎംഎം, ടിഡിപി, പട്ടാളിമക്കൾ കക്ഷി, നാഗാ പീപ്പിൾസ് പാർട്ടി, ജെജെപി, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ, മിസോ നാഷനൽ ഫ്രണ്ട്, നിഷാദ് പാർട്ടി, ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ, ലോക്ജനശക്തി പാർട്ടി, മഹാരാഷ്ട്ര നവനിർമാൺ സേന, ജനത കോൺഗ്രസ് ഛത്തീസ്ഗഡ്, സിക്കിം ക്രാന്തികാരി മോർച്ച, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്, രാഷ്ട്രീയ സമാജ് പക്ഷ, ജനസേന പാർട്ടി, ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് (പുതുച്ചേരി), ഹരിയാന ലോകഹിത് പാർട്ടി, യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി, ജെഡിഎസ്, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, കുകി പീപ്പീൾസ് അലയൻസ്, ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അഠാവ്‍ലെ), തമിഴ് മാനില കോൺഗ്രസ് മൂപ്പനാർ, ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര, പുരച്ചി ഭാരതം കക്ഷി, ശിരോമണി അകാലിദൾ, ജനസത്ത ദൾ ലോക്താന്ത്രിക്.
യശ്വന്ത് സിൻഹ
33 കക്ഷികളുടെ പിന്തുണ: കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി, ഡിഎംകെ, സിപിഎം, സിപിഐ, ടിആർഎസ്, എസ്പി, ആർജെഡി, ആം ആദ്മി, ആർഎൽഡി, സിപിഐഎംഎൽ, മുസ്‍ലിം ലീഗ്, നാഷനൽ കോൺഫറൻസ്, വിടുതലൈ ചിരുതായിഗൽ കക്ഷി, എംഡിഎംകെ, ആർഎസ്പി, എഐഎംഐഎം, എഐയുഡിഎഫ്, റായ്ജോർ ദൾ, മനിതനേയ മക്കൾ കക്ഷി, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജേക്കബ്), കേരള കോൺഗ്രസ്(ബി), കൊങ്ങുദേശ മക്കൾ കക്ഷി, ആർഎംപി, കോൺഗ്രസ് സെക്കുലർ (സിഎസ്), ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, നാഷനൽ സെക്കുലർ കോൺഫറൻസ്, നാഷനലിസ്റ്റ് കോൺഗ്രസ് കേരള, ഗോർഖ ജൻമുക്തി മോർച്ച, തമിഴക വാഴ്‌വുരിമൈ കക്ഷി
തീരുമാനം വ്യക്തമാക്കാത്തവർ
ശിരോമണി അകാലിദൾ അമൃത്‌സർ, സ്വാഭിമാനപക്ഷ, ഐഎൻഎൽഡി, റവല്യൂഷനറി ഗോവൻസ് പാർട്ടി, ഭാരതീയ ട്രൈബൽ പാർട്ടി, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, സോറം പീപ്പിൾസ് മൂവ്മെന്റ്, ഗോവ ഫോർവേഡ് പാർട്ടി, ബഹുജൻ വികാസ് അഘാഡി ആൻഡ് പെസന്റ്സ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യ, പ്രഹർ ജനശക്തി പാർട്ടി, ഇന്ത്യൻ സെക്കുലർ പാർട്ടി.
English Summary: President election tomorrow