പിഎഫ് പെൻഷൻ കേസ് അന്തിമവാദം 2 മുതൽ
Mail This Article
ന്യൂഡൽഹി ∙ എംപ്ലോയീസ് പെൻഷൻ സ്കീമുമായി ബന്ധപ്പെട്ട ഹർജികളിലെ അന്തിമവാദം ഓഗസ്റ്റ് 2 മുതൽ. കേസിൽ ഏത് ബെഞ്ച് എന്നു വാദം കേൾക്കുമെന്ന തീരുമാനം ഇന്നലെ അറിയിക്കാമെന്നു നേരത്തേ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇന്നലെ പിഎഫ് പെൻഷനുമായി ബന്ധപ്പെട്ട ഹർജികൾ പ്രത്യേകം ലിസ്റ്റ് ചെയ്യപ്പെട്ടില്ല.
അതേസമയം, കേസ് ഓഗസ്റ്റ് 2 മുതൽ കേൾക്കാൻ തീരുമാനമായ കാര്യം സ്ഥിരീകരിച്ചെന്നു സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ അറിയിച്ചു. പിഎഫ് അംഗങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം ഹാജരാകുന്നത്. ജസ്റ്റിസ് ലളിത് അധ്യക്ഷനായ രണ്ടംഗ ബെഞ്ച്, കേസിലെ നിയമപ്രശ്നങ്ങൾ മൂന്നംഗ ബെഞ്ചിനു വിട്ടിരുന്നു. മൂന്നംഗ ബെഞ്ച് രൂപീകരിക്കപ്പെട്ടെങ്കിലും ഇതിൽ നിന്നു ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് പിന്മാറിയതാണു കേസ് വീണ്ടും മാറ്റാൻ ഇടയാക്കിയത്. ഈ സാഹചര്യത്തിൽ ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ കഴിഞ്ഞദിവസം പ്രത്യേക ബെഞ്ച് രൂപീകരിച്ചു.
ശമ്പളത്തിന് ആനുപാതികമായി പെൻഷൻ കിട്ടുന്നതിനെതിരെ ഇപിഎഫ്ഒ ഇറക്കിയ ഉത്തരവുകൾ നിലനിൽക്കില്ലെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ്ഒയും തൊഴിൽ മന്ത്രാലയവും നൽകിയ ഹർജികളാണു പ്രധാനമായും കോടതിയുടെ പരിഗണനയിലുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ പിഎഫ് കേസിലെ വിധികളുമായി ബന്ധപ്പെട്ട ഹർജികളും ഇതിനൊപ്പം പരിഗണിക്കും.
English Summary: PF Pension Case