ADVERTISEMENT

ന്യൂഡൽഹി ∙ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ് കഴിഞ്ഞ മാസം ജന്മഗ്രാമം സന്ദർശിച്ചപ്പോൾ ഒരു കാര്യം പറഞ്ഞു: ‘എന്നെപ്പോലെ ഒരാളെ ഈ ഉത്തരവാദിത്തത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിജി തിരഞ്ഞെടുത്തുവെന്നത് അദ്ഭുതകരമായ കാര്യമാണ്’.

ആ ഒരു വാചകത്തിലുണ്ട് ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു വനിതയെ രാഷ്ട്രപതി പദത്തിലേക്ക് ബിജെപി കൊണ്ടുവരുന്നതിന്റെ രാഷ്ട്രീയം. ദ്രൗപദിയെ നിശ്ചയിച്ചപ്പോൾ വ്യാപകമായി വിലയിരുത്തപ്പെട്ടതുപോലെ ഗോത്രവർഗ മേഖലയിൽ സ്വാധീനമുണ്ടാക്കിയെടുക്കുക, തിരഞ്ഞെടുപ്പുകളിൽ ജയിക്കുക എന്നതു മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിക്കൂടി സംസാരിക്കുന്ന പാർട്ടിയാണിത് എന്ന സന്ദേശമാണു നൽകുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നു മുദ്രകുത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരെ പരിഗണിക്കുന്നതും ഭരണഘടനാപരമായ പരമോന്നത പദവികൾവരെ പ്രാപ്യമാക്കുന്നതും ആരാണെന്നതിന്റെ സൂചന കൂടിയാണത്. 

ബിജെപിക്കുമേൽ ആരോപിക്കപ്പെടുന്ന വരേണ്യ വർഗ രാഷ്ട്രീയത്തിൽ നിന്നു മാറിനിന്നവരാണ് എൻഡിഎ കണ്ടെത്തിയ 3 രാഷ്ട്രപതിമാരും. എ.പി.ജെ.അബ്ദുൽകലാം, റാം നാഥ് കോവിന്ദ് ഇപ്പോൾ ദ്രൗപദി മുർമു. മോദിയുടെ ‘സബ് കാ സാഥ്, സബ്കാ വികാസ്, സബ് കാ വിശ്വാസ്’ എന്ന മുദ്രാവാക്യത്തിന്റെ പ്രതീകമായാണ് ദ്രൗപദിയുടെ സ്ഥാനാർഥിത്വം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

എല്ലായ്പ്പോഴും തിരഞ്ഞെടുപ്പിനു തയാറെടുത്തു നിൽക്കുന്ന പാർട്ടിയെന്ന നിലയ്ക്ക് വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും തീർച്ചയായും ഈ തീരുമാനത്തിനു പിന്നിലുണ്ട്. സോഷ്യലിസ്റ്റ് ആശയങ്ങളോടു മമത പുലർത്തുന്ന പാർട്ടികൾക്കാണ് ഗോത്രവർഗക്കാരുടെ പിന്തുണ പൊതുവേ ലഭിച്ചു വരുന്നത്. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഛത്തീസ്ഗഡിൽ 32%, മധ്യപ്രദേശിൽ 21%, ഗുജറാത്തിൽ 15%, രാജസ്ഥാനിൽ 30% എന്നിങ്ങനെ ഗോത്രവർഗക്കാരുണ്ടെന്നാണു കണക്ക്. ഭരണം തിരിച്ചുപിടിക്കാൻ ബിജെപി ആഞ്ഞുശ്രമിക്കുന്ന രാജസ്ഥാനിൽ, ബൻസ്‌വാഡ മേഖലയിൽ ജനസംഖ്യയുടെ 70 ശതമാനത്തിലേറെ ഗോത്രവർഗക്കാരാണ്. ഈ 4 സംസ്ഥാനങ്ങളിലും കൂടി ഗോത്രവർഗക്കാർക്കായി 128 സീറ്റുകളാണു സംവരണം ചെയ്തിരിക്കുന്നത്. ഇതിൽ 86 സീറ്റുകളും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനാണു ലഭിച്ചത്. ബിജെപിക്കു 35 എണ്ണം കിട്ടി. ബാക്കി പ്രാദേശിക പാർട്ടികൾ പങ്കിട്ടു.

തിരഞ്ഞെടുപ്പു സാധ്യതകൾ ഒരു ഭാഗത്തുള്ളപ്പോൾത്തന്നെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ദ്രൗപദിയുടെ രംഗപ്രവേശം. 2012 മുതൽ ‘നഗരങ്ങളിലെ വരേണ്യർ പാവങ്ങളെ അധികാരപഥങ്ങളിൽ നിന്ന് അകറ്റി നിർത്തി’ എന്ന പ്രചാരണം പാർട്ടി നടത്തുന്നുണ്ട്. കോൺഗ്രസും മറ്റു കക്ഷികളും പാവങ്ങളെ അവഗണിച്ചുവെന്ന ഈ പ്രചാരണം ഉത്തരേന്ത്യയിൽ കോൺഗ്രസിനെ തുടച്ചുനീക്കുന്ന വിധം ശക്തമായിരുന്നു. 

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നുവെന്ന തോന്നലുണ്ടാക്കുന്നത്, ഗോത്രവർഗക്കാർ തനതു ജീവിതചര്യകളുള്ള മറ്റൊരു വിഭാഗമല്ല ഹിന്ദുക്കളാണെന്ന നിലപാടിനു ശക്തിപകരും. അവർക്കിടയിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നവർക്കു തടയിടാനും ഇതു സഹായിക്കും. അതുകൊണ്ടുതന്നെ ഈ നീക്കം ആർഎസ്എസിനും സന്തുഷ്ടി പകരും.

ഗോത്രവർഗ വനിത പരമോന്നത പദവിയിലേക്കെത്തുന്നത്, ബംഗാളിലും ഒഡീഷയിലും ജാർഖണ്ഡിലും പാർശ്വവൽക്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങളിലെ വനിതകളെയും സ്വാധീനിക്കുമെന്നാണു പാർട്ടി കണക്കുകൂട്ടുന്നത്. ബിജെപിയെ അധികാരത്തിൽ നിന്നു മാറ്റിനിർത്താൻ മാത്രം ശക്തിയുള്ള പ്രാദേശിക കക്ഷികളാണ് ഈ സംസ്ഥാനങ്ങളിലുള്ളത്. ആ സ്വാധീനത്തിൽ വിള്ളലുണ്ടാക്കാനും ഇതു സഹായിച്ചേക്കാം.

English Summary: Draupadi Murmu as president of India and BJP strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com