ദ്രൗപദി മുർമു: കനൽവഴി താണ്ടിയ ജീവിതം
Mail This Article
ന്യൂഡൽഹി ∙ വ്യക്തിജീവിതത്തിൽ തീവ്രമായ ദുരനുഭവങ്ങളിലൂടെ കടന്നുപോയ ആളാണു ദ്രൗപദി മുർമു. അവയെ നേരിടാൻ ശീലിച്ചെടുത്ത ധ്യാനമനസ്സും അതുവഴി കിട്ടിയ ആത്മധൈര്യവുമായാണ് അവർ രാഷ്ട്രപതിഭവനിലേക്ക് എത്തുന്നത്.
സെക്രട്ടേറിയറ്റിൽ ജൂനിയർ അസിസ്റ്റന്റായിരിക്കെയായിരുന്നു വിവാഹം. അവർക്കും ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ശ്യാംചരൺ മുർമുവിനും പിറന്ന ആദ്യകുഞ്ഞ് പെട്ടെന്നു മരിച്ചതായിരുന്നു ആദ്യ സങ്കടം. പിന്നീട് ജോലി രാജിവച്ച് ഭർത്താവിനു സ്ഥലംമാറ്റം കിട്ടിയ റായ്റംഗ്പുരിലേക്കു ദ്രൗപദിയും മാറി. 3 മക്കൾ കൂടി ജനിച്ചു– രണ്ടാണും ഒരു പെണ്ണും.
കുട്ടികൾ വളരുന്നതിനൊപ്പം അധ്യാപനത്തിലും പൊതുപ്രവർത്തനത്തിലും സജീവമായ ദ്രൗപദിയെ തേടി വലിയ അവസരങ്ങളെത്തി. എന്നാൽ 2010 ൽ ഇരുപത്തിയഞ്ചുകാരനായ മകൻ ലക്ഷ്മൺ അപ്രതീക്ഷിതമായി മരിച്ചു. 2013 ൽ ഇളയ മകൻ സിപുൺ ബൈക്കപകടത്തിൽ മരിച്ചു. പിറ്റേവർഷം ഭർത്താവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. പിന്നാലെ അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ടു.
6 വർഷത്തിനിടെ തുടരെയുണ്ടായ ഈ മരണങ്ങൾക്കുശേഷം ധ്യാനത്തിലും ആത്മീയ കൂട്ടായ്മകളിലും ദ്രൗപദി സജീവമായി. പുതിയ രാഷ്ട്രപതിക്ക് ഭുവനേശ്വരിൽ ബാങ്ക് ജീവനക്കാരിയായ മകൾ ഇതിശ്രീയും കുടുംബവും മാത്രമല്ല, ഇനി രാജ്യത്തെയാകെ ജനങ്ങളുടെ തുണയുമുണ്ട്.
Content Highlight: Draupadi Murmu