ADVERTISEMENT

ഇന്ത്യയിൽ രാഷ്ട്രപതി പദം അലങ്കരിച്ച ആദ്യ വനിത പ്രതിഭ പാട്ടീൽ ആ പദവിയിലെത്തുന്ന ദ്രൗപതി മുർമുവിന് ‘മനോരമ’യിലൂടെ നൽകുന്ന സ്നേഹാശംസ

 

ഇന്ത്യയിലെ പരമോന്നത ഭരണഘടനാപദവിയിലേക്ക് ഇതു രണ്ടാം തവണയാണ് ഒരു വനിത, അതും ഒരു ഗോത്രവർഗക്കാരി തിരഞ്ഞെടുക്കപ്പെടുന്നതെന്നത് ആഹ്ലാദവും സന്തോഷവും മാത്രമല്ല, അഭിമാനവും പകരുന്നു. ദ്രൗപദി മുർമു മികച്ച വിദ്യാഭ്യാസവും പരിചയസമ്പത്തും പക്വതയും വിവേകവുമുള്ള വ്യക്തിയാണ്. ഉന്നതമൂല്യങ്ങളാണ് ആ മഹതിയെ നയിക്കുന്നത്. അവർ എംഎൽഎ ആയിരുന്നകാലത്ത് നിയമസഭയിലെ പ്രകടനത്തിന് പുരസ്കാരം ലഭിച്ചിരുന്നു. നിയമ നിർമാണസഭയിലെ പരിചയം അവർക്ക് വേണ്ടുവോളമുണ്ട്. 

അവർ മന്ത്രിയായിരുന്നു. അതുകൊണ്ട് ഭരണനിർവഹണത്തിലും നല്ല പരിചയമുണ്ട്. നേരത്തേ ഗവർണർ ആയിരുന്നതിനാൽ ഭരണഘടനാപദവിയും അവർക്ക് അപരിചിതമല്ല. ഇക്കാരണങ്ങളാൽ തന്നെ അവർ ആരിലും പിന്നിലല്ലെന്നു മാത്രമല്ല, രാഷ്ട്രപതി പദവിയിലെത്താ‍ൻ ഏറ്റവും അർഹതയുള്ളയാൾ കൂടിയാണ്. 

വ്യക്തിജീവിതത്തിൽ ഒട്ടേറെ ദുരന്തങ്ങളിലൂടെ അവർ കടന്നുപോയിട്ടുണ്ട്. ദൃഢനിശ്ചയവും അപാരമായ മനക്കരുത്തും മനോബലവും കൈമുതലാക്കി ഓരോ തവണയും അവർ തിരിച്ചുവന്നു. ഇത്തരത്തിലുള്ള ദുരന്താനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള നിർഭാഗ്യർക്ക് അവർ മാർഗദീപമാണ്. 

ഗവർണർ ആയിരുന്നപ്പോൾ ‘ആദർശങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാതെ ഉന്നത മൂല്യങ്ങൾ കാത്തുസൂക്ഷിച്ച അന്തസ്സുറ്റ വനിതയായിരുന്നു’ എന്ന അനുമോദന പരാമർശം എന്നെ ഏറെ ആകർഷിച്ചു. ഇക്കാര്യങ്ങളിൽ എനിക്കവരോടു തികഞ്ഞ മതിപ്പുണ്ട്. ഞാനവരെ അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ക്ഷേമം നേരുകയും ചെയ്യുന്നു. ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ.

English Summary: Pratibha Patil greets Draupadi Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com