വിജയം വലുതോ, തോൽവി ചെറുതോ?; രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിലയിരുത്തി ഭരണ, പ്രതിപക്ഷങ്ങൾ
Mail This Article
ന്യൂഡൽഹി ∙ രാഷ്ട്രപതി സ്ഥാനത്തേക്കു ദ്രൗപദി മുർമുവിന്റെ ജയം ഉറപ്പായിരുന്നു. എന്നാൽ, ഭരണപക്ഷവും പ്രതിപക്ഷവും പ്രതീക്ഷിച്ച രീതിയിലല്ല വോട്ടുകൾ വിഭജിക്കപ്പെട്ടത്. കൂറു മാറ്റത്തിലൂടെ 126 വോട്ടെങ്കിലും തങ്ങളുടെ സ്ഥാനാർഥിക്കു ലഭിച്ചെന്ന് ബിജെപി അവകാശപ്പെടുന്നു.
ബിജെപി വലിയ വിജയം പ്രതീക്ഷിച്ചപ്പോൾ, ഏറ്റവും കൂടുതൽ വോട്ട് നേടി പരാജയപ്പെട്ട സ്ഥാനാർഥിയായി യശ്വന്ത് സിൻഹ എന്നതാണ് പ്രതിപക്ഷത്തെ സന്തോഷിപ്പിക്കുന്നത്. അപ്പോഴും അസമിലും ഈ വർഷം തിരഞ്ഞെടുപ്പുള്ള ഗുജറാത്തിലും കാര്യമായ തോതിൽ കൂറുമാറ്റമുണ്ടായത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നു.
സ്ഥാനാർഥി ജയിക്കാൻ അത്യധ്വാനം ചെയ്യേണ്ടിവരുമെന്നാണ് ബിജെപി ആദ്യം വിലയിരുത്തിയത്. എംഎൽഎമാരുടെ വോട്ടണ്ണമെടുത്താൽ, പ്രതിപക്ഷത്തെക്കാൾ ഏറെ പിന്നിലായിരുന്നു എൻഡിഎ. എന്നാൽ, പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി യശ്വന്ത് സിൻഹയാണെന്നതും പ്രതിപക്ഷത്ത് പലവിധ ഭിന്നതകളുണ്ടെന്നതും കണക്കിലെടുത്തപ്പോൾ ദ്രൗപദിക്ക് വലിയ വിജയമെന്നു ബിജെപി വിലയിരുത്തി. എന്നാൽ, അതുണ്ടായില്ല.
വോട്ട് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ സ്ഥിതി ഇങ്ങനെയാണ്:
∙ദ്രൗപദി മുർമുവിനു ലഭിച്ച വോട്ടുകളുടെ മൂല്യം: 6,76,803 (64.03%). യശ്വന്ത് സിൻഹയ്ക്കു ലഭിച്ചത്: 3,80,177 (35.97%).
2017 ൽ 3,67,314 വോട്ട് നേടിയ മീരാ കുമാറായിരുന്നു ഇതുവരെ പരാജിതരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചയാൾ. സിൻഹയ്ക്ക് അതിലേറെ വോട്ടു കിട്ടി.
∙ദ്രൗപദി മുർമുവിന്റെ ഭൂരിപക്ഷം: 2,96,626.
ഇതിൽ കുറവു ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത് 2 പേർക്കാണ്: 1969 ൽ വി.വി.ഗിരി – 14,650. 1967 ൽ ഡോ. സക്കീർ ഹുസൈൻ – 1,07,273.
∙ ലഭിച്ച വോട്ടുകളുടെ ശതമാനമനുസരിച്ച്, ഏറ്റവും കുറവ് വോട്ട് ലഭിച്ച 3 പേർ: വി.വി.ഗിരി – 48.0%, ഡോ. സക്കീർ ഹുസൈൻ – 56.2%, ദ്രൗപദി മുർമു – 64.03%. 48% മാത്രം ലഭിച്ചിട്ടും ഗിരി ജയിച്ച തിരഞ്ഞെടുപ്പിൽ മൊത്തം 15 സ്ഥാനാർഥികൾ മത്സരിച്ചിരുന്നു.
ഇത്തവണ പ്രതിപക്ഷത്തുനിന്നു വലിയ തോതിൽ കൂറുമാറ്റമുണ്ടായെന്ന് ബിജെപി പറയുമ്പോഴും കർണാടകയിൽ 4 ബിജെപി എംഎൽഎമാരുടെ വോട്ട് ദ്രൗപദി മുർമുവിനു ലഭിച്ചില്ല.
അസമിലെയും ഗുജറാത്തിലെയും വോട്ട് ചോർച്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
English Summary: Political parties review Presidential Poll result