ആ പണം എന്റേതല്ല; സത്യം പുറത്തുവരുമെന്ന് പാർഥ
Mail This Article
കൊൽക്കത്ത ∙ നടി അർപ്പിത മുഖർജിയുടെ ഫ്ലാറ്റുകളിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത 50 കോടി രൂപ തന്റേതല്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതാരാണെന്ന് വൈകാതെ വെളിപ്പെടുമെന്നും അറസ്റ്റിലായ ബംഗാൾ മുൻ വ്യവസായ മന്ത്രി പാർഥ ചാറ്റർജി. ഇഡി ചോദ്യംചെയ്യലിനു മുന്നോടിയായി ജോക്കയിലെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴാണ് പാർഥ ഇക്കാര്യം പറഞ്ഞത്.
മന്ത്രിസ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെ പാർട്ടിയിൽനിന്നു കൂടി പുറത്താക്കിയത് പാർഥയെ ചൊടിപ്പിച്ചിട്ടുണ്ട്. പാർട്ടിയിൽ മമതയുടെ മരുമകൻ അഭിഷേക് ബാനർജി നേതൃത്വം നൽകുന്ന സംഘം പാർഥക്കെതിരെയാണു നീങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
ഇപ്പോൾ ഗൂഢാലോചനാവാദം ആരോപിക്കുന്ന പാർഥ അറസ്റ്റ് ചെയ്തപ്പോൾ എന്തിനാണു മൗനം പാലിച്ചതെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് ചോദിച്ചു. കോടതിയിൽ പോകാനും നിരപരാധിത്വം തെളിയിക്കാനും പാർഥയ്ക്ക് അവസരമുണ്ടെന്നും കുനാൽ ചൂണ്ടിക്കാട്ടി. പാർഥയുടെ ഉടമസ്ഥതയിൽ നഗരത്തിലുള്ള കെട്ടിടങ്ങൾ അനധികൃതമാണോയെന്ന് പാർട്ടി ഭരിക്കുന്ന കോർപറേഷനും അന്വേഷണം തുടങ്ങി.
പാർഥയ്ക്കൊപ്പം അറസ്റ്റിലായ നടി അർപ്പിതയുടെ ആഡംബരക്കാറുകൾ കാണാതായതിനു പിന്നാലെ അർപ്പിതയുടെ വളർത്തുനായ്ക്കളുടെ തിരോധാനത്തിലും ദുരൂഹത.
അർപ്പിത പലപ്പോഴും നായ്ക്കുട്ടികളുമായി പ്രഭാതസവാരിക്ക് ഇറങ്ങാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. എന്നാൽ അറസ്റ്റിനു ശേഷം നായ്ക്കളെയും കണ്ടവരില്ല.
അർപ്പിതയുടെ ഡ്രൈവർ പ്രണബ് ഭട്ടാചാര്യയുടെ അഭിമുഖം ഒരു ചാനൽ പുറത്തുവിട്ടു. 7 മാസമായി അർപ്പിതയുടെ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും പാർഥ ചാറ്റർജിയുടെ ശുപാർശയിലാണ് ജോലി ലഭിച്ചതെന്നും പ്രണബ് പറഞ്ഞു. പാർഥ മിക്കപ്പോഴും ഡയമണ്ട് സിറ്റി ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു.
English Summary: Truth will come out about real owner of money: Partha Chatterjee