ADVERTISEMENT

ന്യൂഡൽഹി / തിരുവനന്തപുരം ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും ഓഫിസുകളിലും വീടുകളിലും ദേശീയപതാക ഉയർത്തി ‘ഹർ ഘർ തിരംഗ’ ആചരണത്തിനു തുടക്കം. ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വസതിയിൽ ദേശീയ പതാക ഉയർത്തി. 

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികളിൽ ദേശീയ പതാക ഉയർത്തി. മന്ത്രിമാരായ ജി.ആർ.അനിൽ, വി.ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ എന്നിവരുടെ വസതികളിൽ അവർ തന്നെ ദേശീയ പതാക ഉയർത്തി. മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണി വഴുതക്കാട്ടെ വസതിയിൽ പതാക ഉയർത്തി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു മുന്നിൽ പ്രസിഡന്റ് കെ.സുരേന്ദ്രൻ പതാക ഉയർത്തി.

ദേശീയ പതാക വീശി മോദിയുടെ മാതാവും

അഹമ്മദാബാദ് ∙ സ്വാതന്ത്ര്യത്തിന്റെ 75– ാം വാർഷികത്തോടനുബന്ധിച്ചുള്ള ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീര ബെന്നും പങ്കുചേർന്നു. 100 വയസ്സു പിന്നിട്ട ഹീരാബെൻ ഗാന്ധിനഗറിലെ വസതിയിൽ കുട്ടികൾക്കു ദേശീയപതാകകൾ വിതരണം ചെയ്യുകയും അവരോടൊപ്പം പതാക വീശുകയും ചെയ്തു. 

നടൻ മോഹൻലാൽ എളമക്കരയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തുന്നു.
നടൻ മോഹൻലാൽ എളമക്കരയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തുന്നു. (ചിത്രം: ഇ.വി.ശ്രീകുമാര്‍ മനോരമ)

പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പമാണ് അമ്മ താമസിക്കുന്നത്. 3 ദിവസത്തെ ഹർ ഘർ തിരംഗ പ്രചാരണത്തിനു തുടക്കം കുറിച്ച മുഖ‌്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ചിൽഡ്രൻ യൂണിവേഴ്സിറ്റിയിൽ 100 അടി ഉയരത്തിൽ ദേശീയപതാക ഉയർത്തി. ഗുജറാത്തിൽ ഉടനീളം തിരംഗ റാലികൾ നടന്നു.

സ്വാതന്ത്ര്യദിനാഘോഷം: ഡൽഹിയിൽ കനത്ത സുരക്ഷ; ചെങ്കോട്ടയിൽ 7,000 പേർക്ക് 10,000 പൊലീസ്

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ കനത്ത സുരക്ഷ. നാളെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന ചെങ്കോട്ടയിൽ എത്തുന്നവരുടെ മുഖം തിരിച്ചറിയുന്ന ഫേഷ്യൽ റെക്കഗ്നീഷൻ സംവിധാനം വരെ ഒരുക്കിയിട്ടുണ്ട്. ചെങ്കോട്ടയിൽ ഏഴായിരത്തോളം പേർ എത്തുമെന്നാണ് പൊലീസിന്റെ കണക്ക്. 10,000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള 5 കിലോമീറ്ററിൽ പട്ടം പറത്തലിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോൺ, ബലൂൺ തുടങ്ങിയവയും ഈ പരിധിയിൽ പ്രവേശിക്കാതിരിക്കാൻ 400 പേരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഡ്രോണുകൾ തകർക്കാൻ ഡിആർഡിഒ വികസിപ്പിച്ച ആന്റി ഡ്രോൺ സംവിധാനങ്ങളും സജ്ജമാണ്.

English Summary: 75th Independence day celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com