അഭിമാനത്തോടെ തലയുയർത്തുന്നു; ലോകത്തിലെ ഉയരം കൂടിയ പാലം
Mail This Article
ശ്രീനഗർ ∙ ശ്രീനഗറിൽ ചെനാബ് നദിയിൽ പണിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിച്ചു. പാലം പൂർത്തിയാകുന്നതോടെ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ശ്രീനഗറിലേക്ക് ട്രെയിനുകൾ ചൂളം വിളിച്ചു ചെല്ലും.
1250 കോടി രൂപ മുടക്കി നിർമിക്കുന്ന, 1.3 കിലോമീറ്റർ നീളമുള്ള പാലം രണ്ടറ്റത്തു നിന്നും ഒരേസമയം പണിതുനീങ്ങുകയായിരുന്നു. 1,300 തൊഴിലാളികളും 300 എൻജിനീയർമാരും നിർമാണത്തിൽ പങ്കാളിയായി.
ചെനാബ് നദിക്ക് മുകളിൽ 350 മീറ്റർ ഉയരത്തിലുള്ള പാലത്തിന്റെ 98 % പണിയും പൂർത്തിയായി. നിർമാണത്തിന്റെ എല്ലാ ഘട്ടവും പൂർത്തിയാകുമ്പോൾ പാരിസിലെ ഈഫൽ ടവറിനേക്കാൾ 30 മീറ്റർ കൂടുതൽ ഉയരം ഉണ്ടാകും.
ഉധംപുർ–ശ്രീനഗർ–ബാരാമുള്ള റെയിൽവേ സെക്‌ഷനിൽ കട്രയിൽനിന്നു ബനിഹാളിലേക്കുള്ള 111 കിലോമീറ്റർ വരുന്ന പാതയുടെ ഭാഗമാണ് പാലം. 2004 ൽ തുടങ്ങിയ പാലംപണി കാറ്റ് തടസ്സമായതോടെ 2008 ൽ നിർത്തിവച്ചിരുന്നു. 120 വർഷമാണ് പാലത്തിന്റെ ആയുസ്സ്.
English Summary: World largest railway bridge construction in Srinagar