മദ്യ ലൈസൻസ് അഴിമതിക്കേസ്: സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ്
Mail This Article
ന്യൂഡൽഹി ∙ മദ്യനയത്തിലും ലൈസൻസ് വിതരണത്തിലും അഴിമതിയാരോപിച്ചുള്ള കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതി ഉൾപ്പെടെ 31 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. സിസോദിയ, മലയാളികളായ വിജയ് നായർ, അരുൺ രാമചന്ദ്രപിള്ള എന്നിവരടക്കം 15 പേർക്കും അജ്ഞാതരായ മറ്റുള്ളവർക്കുമെതിരെയാണു കേസ്. ഡൽഹിക്കു പുറമേ മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ഗുരുഗ്രാം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. റെയ്ഡിനെതിരെ ആം ആദ്മി പാർട്ടി പ്രതിഷേധ പ്രകടനം നടത്തി.
മദ്യവിൽപനയ്ക്കുള്ള ലൈസൻസ് വിതരണത്തിൽ ചില കമ്പനികൾക്ക് അന്യായമായി ഇളവുകൾ നൽകിയെന്നും പ്രത്യുപകാരമായി കോടികളുടെ ഇടപാടു നടന്നെന്നുമാണ് സിബിഐ ആരോപണം. മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആയ വിജയ് നായർക്ക് മദ്യനയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും പങ്കുണ്ട്.
ലൈസൻസ് ലഭിച്ച സമീർ മഹേന്ദ്ര എന്നയാളിൽ നിന്ന് കോടികൾ കൈപ്പറ്റി. ബെംഗളൂരുവിൽ താമസിക്കുന്ന അരുണും സമീറിൽ നിന്നു പണം വാങ്ങിയെന്നു സിബിഐ ആരോപിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസ് റജിസ്റ്റർ ചെയ്തേക്കും.
English Summary: Raid in Manish Sisodia's house