‘അതൃപ്തിയുണ്ടെങ്കിലും അനുനയം’; ഗുലാം നബി ആസാദിനും ആനന്ദ് ശർമയ്ക്കുമെതിരെ നടപടിയില്ല
Mail This Article
ന്യൂഡൽഹി ∙ പാർട്ടി ഏൽപിച്ച പദവി രാജിവച്ചതിൽ കടുത്ത അതൃപ്തിയുണ്ടെങ്കിലും ഗുലാം നബി ആസാദിനും ആനന്ദ് ശർമയ്ക്കുമെതിരെ തൽക്കാലം നടപടി വേണ്ടെന്നു കോൺഗ്രസ് തീരുമാനം. ജമ്മു കശ്മീരിലും ഹിമാചൽപ്രദേശിലും വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അവിടെ ഉൾപാർട്ടി പോര് രൂക്ഷമാക്കുന്ന നടപടികൾ വേണ്ടെന്നാണു തീരുമാനം. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ആസാദും ഹിമാചലിൽ പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം ശർമയും രാജിവച്ചിരുന്നു.
ഇരുവരുടെയും നടപടി അച്ചടക്കലംഘനമാണെങ്കിലും എല്ലാവരെയും ഉൾക്കൊണ്ടു മുന്നോട്ടു പോകാനാണു തീരുമാനമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ശർമയോട് ആലോചിച്ചും സമ്മതം വാങ്ങിയുമാണ് അദ്ദേഹത്തെ അധ്യക്ഷനാക്കിയതെന്നും അപമാനിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ജി 23 എന്ന വിമത സംഘം ഇപ്പോൾ ഇല്ലെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനു നേതൃത്വം വഹിച്ചിരുന്ന ആസാദും ശർമയും അച്ചടക്കലംഘനം നടത്തുന്നത് തൽക്കാലം കണ്ടില്ലെന്നു നടിക്കുന്നെങ്കിലും അതു തുടരുകയാണെങ്കിൽ കടുത്ത നടപടിയിലേക്കു നീങ്ങേണ്ടി വരുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യസഭയിൽനിന്നു വിരമിച്ചിട്ടും ഇരുവരെയും ഡൽഹിയിൽ ഒൗദ്യോഗിക വസതിയിൽ താമസം തുടരാൻ കേന്ദ്രം അനുവദിച്ചതു ബിജെപിയുമായി ഇവർക്കുള്ള അണിയറ ബന്ധത്തിന്റെ സൂചനയായി കോൺഗ്രസ് കാണുന്നു.
പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടം ആരംഭിക്കാനിരിക്കെ ഇരുവരും നടത്തുന്ന നീക്കങ്ങൾ ഗാന്ധി കുടുംബത്തെ വെല്ലുവിളിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന സൂചനയുണ്ട്. ഗാന്ധി കുടുംബത്തിനപ്പുറത്തേക്കു കോൺഗ്രസ് ചിന്തിക്കണമെന്ന് ടിവി ചാനൽ അഭിമുഖത്തിൽ ശർമ നൽകിയ മറുപടിയും ഇതിലേക്കു വിരൽചൂണ്ടുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാത്രമാണ് പ്രസിഡന്റ് സ്ഥാനത്തിനു യോഗ്യർ എന്നു പറയുന്നത് കോൺഗ്രസ് ചരിത്രത്തെ അവഹേളിക്കലാണെന്നും താനടക്കമുള്ളവരുടേതു കൂടിയാണു പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
വീണ്ടും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് രാഹുൽ ഇനിയും സമ്മതം മൂളാത്തതിനാൽ, പാർട്ടിയിൽ ആശയക്കുഴപ്പം തുടരുകയാണ്. ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ളയാൾ വരട്ടെയെന്നാണു രാഹുലിന്റെ നിലപാട്. ആസാദ്, ശർമ ഉൾപ്പെടെയുള്ളവർ ആഗ്രഹിക്കുന്നതും അതുതന്നെ.
English Summary: No action against Ghulam Nabi Azad and Anand Sharma