ADVERTISEMENT

പനജി ∙ ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (42) കുടിച്ച പാനീയത്തിൽ സഹായികൾ സംശയകരമായ രീതിയിൽ എന്തോ പൊടി കലർത്തിയിരുന്നുവെന്നു പൊലീസ്. ഇതാകാം മരണകാരണമെന്നു ഗോവ പൊലീസ് ഐജി ഓംവീർ സിങ് ബിഷ്ണോയ് പറഞ്ഞു. 

നടിയുടെ അറസ്റ്റിലായ സഹായികൾ സുധീർ സാഗ്‌വൻ, സുഖ്‌വിന്ദർ വസി എന്നിവരാണ് വടക്കൻ ഗോവയിലെ റസ്റ്ററന്റിൽ നടന്ന പാർട്ടിക്കിടെ അപകടകാരിയായ രാസവസ്തുക്കൾ കലർത്തിയത്. ഇരുവരും ചോദ്യം ചെയ്യലിൽ ഇക്കാര്യം സമ്മതിച്ചു. ഈ പാനീയം രണ്ടുവട്ടം സൊനാലി കുടിച്ചു. ഇതിനുശേഷം സുധീറും സുഖ്‌വിന്ദറും ചേർന്നു ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ സൊനാലിയെ ഹോട്ടലിലെ ശുചിമുറിയിലേക്കു കൊണ്ടുപോയതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. ശുചിമുറിക്കുള്ളിൽ രണ്ടു മണിക്കൂറോളം മൂവരും ചെലവഴിച്ചു. സൊനാലിയെ ഇതിനു ശേഷം താമസിച്ചിരുന്ന ഹോട്ടലിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയിലെത്തും മുൻപു മരിച്ചു. 

സുധീറിനും സുഖ്‌വിന്ദറിനുമൊപ്പം പാർട്ടിയിലുണ്ടായിരുന്ന മറ്റു 2 സ്ത്രീകളെയും റസ്റ്ററന്റിൽനിന്ന് ആശുപത്രിയിലെത്തിച്ച ടാക്സി ഡ്രൈവറെയും ചോദ്യം ചെയ്യുന്നുണ്ട്. സാമ്പത്തികലക്ഷ്യങ്ങളോടെയുള്ള കൊലപാതകമാകാം ഇതെന്ന് ഐജി പറഞ്ഞു. 

മൂർച്ചയില്ലാത ആയുധം പ്രയോഗിച്ചതുമൂലമുള്ള പരുക്കുകൾ മൃതദേഹത്തിൽ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുണ്ടായ പോറലുകളാകാമെന്നാണു പ്രതികൾ പറഞ്ഞതെന്നു ഐജി സൂചിപ്പിച്ചു. 

സൊനാലി ഫൊഗട്ട്. Photo: Facebook/SonaliSinghPhogatBJP
സൊനാലി ഫൊഗട്ട്. Photo: Facebook/SonaliSinghPhogatBJP

ടിക് ടോക് – ഇൻസ്റ്റഗ്രാം സൂപ്പർതാരമായിരുന്ന സൊനാലി, സഹായികൾക്കൊപ്പം 22 നാണ് ഗോവയിലെത്തിയത്. ഹരിയാനയിലെ ഹിസാറിൽ സൊനാലിയുടെ മൃതദേഹം ദഹിപ്പിച്ചു. മകൾ യശോധര ചിതയ്ക്കു തീകൊളുത്തി. 

English Summary: BJP's Sonali Phogat's Drink Was Spiked, Say Goa Cops, Cite CCTV Footage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com