ADVERTISEMENT

ന്യൂഡൽഹി ∙ ഒറ്റദിവസത്തേക്കാണെങ്കിലും ചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതി നടപടികൾ തത്സമയം കാണാൻ പൊതുജനങ്ങൾക്ക് അവസരം ഒരുക്കി, ചീഫ് ജസ്റ്റിസ് എൻ.വി.രമണ പടിയിറങ്ങി. വിരമിക്കൽ ദിവസത്തെ സിറ്റിങ് മാത്രമാണ് തത്സമയമാക്കിയത്. സുപ്രീം കോടതി സിറ്റിങ്ങുകൾ പൂർണമായി ലൈവായി നൽകണമെന്ന ആവശ്യമുണ്ടെങ്കിലും തീരുമാനമായിട്ടില്ല. 

‘ക്ഷമ’ പറഞ്ഞ് വിരമിക്കൽ

കേസുകൾ യഥാസമയം ലിസ്റ്റ് ചെയ്യുന്ന കാര്യത്തിലും മറ്റും ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞില്ലെന്ന ഖേദപ്രകടനത്തോടെയാണ് എൻ.വി.രമണ വിടവാങ്ങൽ പ്രസംഗം നടത്തിയത്. ഒറ്റ വിധി കൊണ്ട് തീരുമാനിക്കപ്പെടുന്ന ഒന്നല്ല സുപ്രീം കോടതിയെന്നും നീതിയുക്തമല്ല എന്നു തോന്നുന്ന ഏതെങ്കിലും ഒരു ഉത്തരവിന്റെ പേരിൽ കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. കേസുകൾ കെട്ടിക്കിടക്കുന്ന പ്രശ്നം വലിയ വെല്ലുവിളിയാണെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ ആവർത്തിച്ചു. ഈ ദിവസങ്ങളിൽ നാം അത്യധ്വാനത്തിലായിരുന്നു.

കോവിഡ് കാലത്തു കോടതി നടത്താനായിരുന്നു പ്രാധാന്യം നൽകിയത്. പുതിയ അഭിഭാഷകർ മുതിർന്നവരെ മാതൃകയാക്കണം, മുതിർന്നവർ തിരിച്ച് അവരെ ശരിയായി നയിക്കണം.– ജസ്റ്റിസ് രമണ പറഞ്ഞു. അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, വികാസ് സിങ്, ദുഷ്യന്ത് ദാവെ തുടങ്ങിയവരെല്ലാം ആശംസകൾ നേർന്നു.

യു.യു.ലളിത് ഇന്ന് ചുമതലയേൽക്കും

ഇന്ത്യയുടെ 49–ാം ചീഫ് ജസ്റ്റിസായി യു.യു.ലളിത് ഇന്നു ചുമതലയേൽക്കും. പദവിയിൽ 74 ദിവസമേ ലഭിക്കൂവെങ്കിലും നിർണായക മാറ്റങ്ങൾക്കു ശ്രമിക്കുമെന്നു ജസ്റ്റിസ് ലളിത് വ്യക്തമാക്കി. കേസുകൾ ലിസ്റ്റ് ചെയ്യുന്ന കാര്യത്തിൽ കൂടുതൽ സുതാര്യത, അടിയന്തര പ്രാധാന്യമുള്ള കേസുകൾ അതതു ബെഞ്ചുകൾക്ക് മുൻപിൽ ചൂണ്ടിക്കാട്ടാൻ സംവിധാനം, വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഭരണഘടന ബെഞ്ച് എന്നീ കാര്യങ്ങൾക്കാണ് ഊന്നലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

English Summary: Chief Justice N.V. Ramana retires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com