വിധിന്യായങ്ങളുടെ കരുത്ത്, നിർണായകമായ ഇടപെടൽ; ചീഫ് ജസ്റ്റിസ് രമണ ഇന്ന് വിരമിക്കുന്നു
Mail This Article
ന്യൂഡൽഹി ∙ ജഡ്ജിമാർ സംസാരിക്കേണ്ടതു വിധിന്യായങ്ങളിലൂടെയാണെന്നു പറഞ്ഞിരുന്ന ചീഫ് ജസ്റ്റിസ് എൻ.വി. രമണ പക്ഷേ, പൊതുപരിപാടികളിലെ പ്രസംഗങ്ങളിലൂടെയും ശ്രദ്ധേയനായി. പ്രധാനമന്ത്രിയെയും നിയമമന്ത്രിയെയും വേദിയിലിരുത്തി കേന്ദ്ര സർക്കാരിനെതിരെ നിശിതമായി പറഞ്ഞു. പക്ഷേ, കേന്ദ്ര സർക്കാർ പ്രതിരോധത്തിലായ ചില കേസുകളിൽ ഈ സമീപനം പ്രകടമായില്ലെന്ന വിമർശനം ഉയർന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിനെതിരെയും പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഉൾപ്പെടെ സുപ്രധാനമായ പല കേസുകളിലും പുരോഗതിയുണ്ടായില്ല.
രാജ്യദ്രോഹ കുറ്റത്തിനുള്ള ശിക്ഷാവകുപ്പിന്റെ പ്രയോഗം താൽക്കാലികമായി മരവിപ്പിച്ചതു പോലെ നിർണായക ഇടപെടലുകൾ നടത്തിയാണ് ഇന്ത്യയുടെ 48–ാം ചീഫ് ജസ്റ്റിസായ രമണ ഇന്നു വിരമിക്കുന്നത്. വിമർശകരുടെ നാവടക്കാൻ രാജ്യദ്രോഹക്കുറ്റ വകുപ്പ് പ്രയോഗിക്കപ്പെടുന്നു എന്ന ആക്ഷേപം ശക്തമായതിനിടെ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടൽ കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചു. നീതിന്യായ വ്യവസ്ഥയ്ക്കു ലക്ഷ്മണരേഖയുണ്ടെന്ന നിയമമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണം ഇതിന്റെ ഭാഗമായിരുന്നു.
സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ഒഴിവുകൾ പരമാവധി നികത്തുന്നതിൽ സജീവമായി ഇടപെട്ടതും ജസ്റ്റിസ് രമണയുടെ നേട്ടമാണ്. ഒരു ഘട്ടത്തിൽ പൂർണ അംഗബലവുമായി പ്രവർത്തിക്കാനും രമണയുടെ കാലത്തു സുപ്രീം കോടതിക്കായി; വനിത ജഡ്ജിമാരുടെ എണ്ണവും റെക്കോർഡിലെത്തി. കോവിഡ് മൂലം ചരിത്രത്തിൽ ആദ്യമായി കോടതി പൂർണമായി അടച്ചിട്ട സാഹചര്യമുണ്ടായി. സുസജ്ജമായ വിഡിയോ കോൺഫറൻസിങ് വഴിയുള്ള പരിഹാരം കയ്യടി നേടി.
വിരമിച്ചവർക്കും വിരമിക്കാൻ പോകുന്നവർക്കും വിലയില്ലെന്ന പരിഭവം പങ്കുവച്ചാണു ജസ്റ്റിസ് രമണ പടിയിറങ്ങുന്നത്. മുൻപ് പറഞ്ഞത് ശരിയെങ്കിൽ വിശ്രമകാലം ജസ്റ്റിസ് രമണയ്ക്കു കൃഷിക്കുള്ളതാണ്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നാവരത്തെ കർഷക കുടുംബത്തിൽ ജനിച്ച രമണ എക്കാലവും കർഷക സ്നേഹിയാണ്; മാതൃഭാഷയും സ്വന്തം മണ്ണും ഒരാളും ഒരിക്കലും മറക്കരുതെന്ന് ഓർമിപ്പിച്ചയാളാണ്.
Content Highlight: Chief Justice N.V. Ramana