ADVERTISEMENT

ന്യൂഡൽഹി ∙ പ്രമുഖരുടെ ഫോൺ ചോർത്താൻ പെഗസസ് ചാര സോഫ്റ്റ്‍വെയർ ഉപയോഗിച്ചോ എന്നു കണ്ടെത്താൻ നിയോഗിച്ച വിദഗ്ധ സമിതിയോടു കേന്ദ്രസർക്കാർ സഹകരിച്ചില്ലെന്നു സുപ്രീം കോടതി വെളിപ്പെടുത്തി. ദേശസുരക്ഷ ചൂണ്ടിക്കാട്ടി വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. നേരത്തേ, സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോഴും ഇതേ കാരണത്താൽ രേഖകൾ ഹാജരാക്കാൻ കഴിയില്ലെന്നതായിരുന്നു കേന്ദ്ര നിലപാട്. കേന്ദ്രത്തിന്റെ നിസ്സഹകരണം ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചൂണ്ടിക്കാട്ടിയപ്പോൾ, ഇതേക്കുറിച്ച് അറിയില്ലെന്നാണ് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചത്. 

ഇതിനിടെ, പെഗസസ് സാന്നിധ്യം സംശയിച്ച 29 ഫോണുകളിൽ 5 എണ്ണത്തിൽ മാൽവെയർ (അനധികൃത സോഫ്റ്റ്‍വെയർ) സ്ഥിരീകരിച്ചതായി വിദഗ്ധ സമിതി റിപ്പോർട്ടിലുണ്ടെന്നും ഇത് ആശങ്കജനകമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഫോൺചോർത്താനുള്ള സ്‍പൈവെയർ ആണോ ഇതെന്നു സമിതിക്കു സ്ഥിരീകരിക്കാനായില്ലെന്നും കോടതി പറഞ്ഞു. 

ഫോൺ ചോർത്താൻ കേന്ദ്ര‌ സർക്കാർ പെഗസസ് ഉപയോഗിച്ചോ എന്നതിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് ഹർജികൾ. ഇവ നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി മാറ്റി. ഇന്നു വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രമണ, കേസിനെക്കുറിച്ചുള്ള അഭിപ്രായം സഹജഡ്ജിമാർക്കു കൈമാറുമെന്നും വ്യക്തമാക്കി. പെഗസസ് കേസിൽ ഇനി പുതിയ ബെഞ്ചായിരിക്കും വാദം കേൾക്കുക. 

റിപ്പോർട്ട് പരസ്യപ്പെടുത്തും

പെഗസസിനെക്കുറിച്ച് അന്വേഷിച്ച സമിതി നൽകിയ റിപ്പോർട്ട് പരസ്യമാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടപ്പോൾ, പരിശോധനയ്ക്ക് ഫോൺ കൈമാറിയവരുടെ സ്വകാര്യത സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യത പ്രശ്നമുള്ള ഭാഗങ്ങൾ മറച്ചുകൊണ്ട് റിപ്പോർട്ട് പരസ്യമാക്കാൻ കഴിയുമോയെന്നു പരിശോധിക്കാമെന്നു കോടതി അറിയിച്ചു. സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് മേൽനോട്ടം വഹിച്ചത് മുൻ ജഡ്ജി ആർ.വി.രവീന്ദ്രനാണ്. അദ്ദേഹം തയാറാക്കിയ പൊതുസ്വഭാവമുള്ള റിപ്പോർട്ട് വെബ്സൈറ്റിൽ നൽകുമെന്നും കോടതി വ്യക്തമാക്കി. 

English Summary: SC says ‘inconclusive’ if Pegasus malware found on devices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com