പ്രകാശം പരത്തിയ ജീവിതം
Mail This Article
കൊൽക്കത്ത ∙ അഗതികളുടെ അമ്മയും കനിവിന്റെ മാലാഖയുമായ മദർ തെരേസയുടെ സ്നേഹസാന്നിധ്യം മറഞ്ഞിട്ട് ഇന്ന് 25 വർഷം . 1910 ഓഗസ്റ്റ് 26 ന് അൽബേനിയൻ ദമ്പതികളുടെ മകളായി മാസിഡോണിയയിലാണു മദർ തെരേസയുടെ ജനനം. യഥാർഥ പേര് ആഗ്നസ് ബൊജക്സ്യൂ.
കൊൽക്കത്തയിൽ മിഷനറി പ്രവർത്തനത്തിനെത്തിയ ജസ്യൂട്ട് മിഷനറിമാരുടെ കത്തുകളിൽനിന്നാണ് ആ നഗരത്തിലെ മനുഷ്യരുടെ വേദനകളെക്കുറിച്ചും നരകതുല്യമായ ജീവിതത്തെക്കുറിച്ചും ആഗ്നസ് അറിയുന്നത്. വിദ്യാഭ്യാസത്തിനുശേഷം അഗതികളെ ശുശ്രൂഷിക്കാനുള്ള ആഗ്രഹത്തോടെ അയർലൻഡിലെ ഡബ്ലിനിലെ കന്യാസ്‌ത്രീമഠത്തിൽ അന്തേവാസിയായി ആഗ്നസ് ചേർന്നു. അവിടെവച്ചാണു തെരേസ എന്ന പേരു സ്വീകരിച്ചത്. കൊൽക്കത്തയിലെ പാവങ്ങൾ ‘ബംഗാളി തെരേസ’ എന്നാണ് ആദ്യകാലങ്ങളിൽ അവരെ വിളിച്ചിരുന്നത്.
19ാം വയസ്സിൽ കൊൽക്കത്തയിലെത്തി. നഗരത്തിലെ ചേരികളായിരുന്നു പ്രവർത്തനമേഖല. കുട്ടികൾക്കായി ക്രീക്ക്സ് ലൈനിലെ സ്കൂൾ തുടങ്ങിയാണ് സേവനങ്ങളുടെ തുടക്കം. നീല ബോർഡറുള്ള വെള്ള സാരി ധരിച്ച് 1948 ഓഗസ്‌റ്റ് 17ന് കൊൽക്കത്ത കേന്ദ്രമാക്കി മദർ തെരേസ തുടക്കം കുറിച്ച മിഷനറീസ് ഓഫ് ചാരിറ്റി ലോകമെങ്ങും ലക്ഷക്കണക്കിനു പാവങ്ങൾക്ക് അഭയവും ആശ്രയവുമായിത്തീർന്നു. 1951ൽ ഇന്ത്യൻ പൗരത്വമെടുത്തു.1979 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.1997 സെപ്റ്റംബർ അഞ്ചിന് 87–ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു വിയോഗം.
കത്തോലിക്കാ സഭ മദർതെരേസയെ 2003 ൽ വാഴ്ത്തപ്പെട്ടവളും 2016 ൽ വിശുദ്ധയുമായി പ്രഖ്യാപിച്ചു.
English Summary: Mother Teresa death anniversary