ADVERTISEMENT

ന്യൂഡൽഹി ∙ നാലു ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എത്തി. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റു നേതാക്കൾ എന്നിവരുമായി അവർ കൂടിക്കാഴ്ച നടത്തും. 

രാഷ്ട്രപതി ഭവനിൽ ഇന്ന് ഔപചാരിക സ്വീകരണമുണ്ട്. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച ഇന്നു ഹൈദരാബാദ് ഹൗസിൽ നടക്കും. ഖുഷിയാര നദീജലം പങ്കിടുന്നതു സംബന്ധിച്ച ധാരണാപത്രം ഇന്ന് ഒപ്പിടും. ഇന്ത്യയിലും ബംഗ്ലദേശിലുമായി 54 നദികൾ ഒഴുകുന്നുണ്ട്. ഇതിൽ ഏഴെണ്ണത്തിലെ ജലം പങ്കിടാൻ കരാറുണ്ടാക്കും. രാത്രി രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയുമുണ്ടായേക്കും. 

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലദേശ് സന്ദർശിച്ചിരുന്നു. 2019 ലാണ് ഹസീന ഇതിനു മുൻപ് ഇന്ത്യ സന്ദർശിച്ചത്. ഹസീനയെയും ഉന്നതതല സംഘത്തെയും വിമാനത്താവളത്തിൽ റെയിൽവേ സഹമന്ത്രി ദർശന ജാർദോഷ് സ്വീകരിച്ചു. തുടർന്ന് വിദേശകാര്യമന്ത്രി ജയശങ്കർ ബംഗ്ലദേശ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ നിസാമുദ്ദീൻ ദർഗ അവർ സന്ദർശിച്ചു. വ്യാഴാഴ്ച അജ്മേർ ദർഗയും സന്ദർശിക്കുന്നുണ്ട്. 

ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ 2015 നു ശേഷം 12 തവണ കൂടിക്കാഴ്ച നടത്തി. ഇന്ത്യ–ബംഗ്ലദേശ് ബന്ധം ഏറ്റവും സുദൃഢമായ കാലഘട്ടമാണിതെന്ന് വിദേശകാര്യവൃത്തങ്ങൾ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം 1800 കോടി യുഎസ് ഡോളറിന്റേതാണ്. ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ബംഗ്ലദേശാണ്.

ബംഗ്ലദേശ് വാണിജ്യ മന്ത്രി ടിപ്പു മുൻഷി, റെയിൽവേ മന്ത്രി മുഹമ്മദ് നൂറുൽ ഇസ്​ലാം സുജൻ, ബംഗ്ലദേശ് ലിബറേഷൻ വാർ മന്ത്രി എ.കെ.എം. മുസമ്മിൽ ഹഖ് എന്നിവരും ഉദ്യോഗസ്ഥരും ഹസീനയ്ക്കൊപ്പമുണ്ട്. 

രോഹിൻഗ്യൻ പ്രശ്നം ചർച്ചയിൽ ഉയരും

ന്യൂഡൽഹി ∙ രോഹിൻഗ്യൻ അഭയാർഥി പ്രശ്നം ്രപധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബംഗ്ലദേശ് പ്രധാനമന്ത്രിയുടെ ചർച്ചയിൽ വിഷയമായേക്കും. രോഹിൻഗ്യൻ അഭയാർഥികൾ ബംഗ്ലദേശിനു വലിയ വെല്ലുവിളിയാണെന്നും പ്രശ്നം പരിഹരിക്കാൻ ഇന്ത്യയ്ക്ക് ക്രിയാത്മക പങ്കുവഹിക്കാനാകുമെന്നും ഹസീന ഇന്ത്യയിലേക്കു പുറപ്പെടും മുൻപ് പറഞ്ഞിരുന്നു. ഇന്ത്യയിലെ രോഹിൻഗ്യൻ അഭയാർഥികളെ വൈകാതെ തിരിച്ചയയ്ക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞയാഴ്ചയും വ്യക്തമാക്കിയിരുന്നു.

English Summary: India - Bangladesh contract on water sharing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com