സിഡിഎസ് ലഫ്. ജനറൽ (റിട്ട) അനിൽ ചൗഹാൻ: സേനയിലെ ‘ചൈനാ വിദഗ്ധൻ’
Mail This Article
ന്യൂഡൽഹി ∙ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏറെ അനുഭവസമ്പത്തുള്ള സേനാ ഉദ്യോഗസ്ഥനാണ് സിഡിഎസ് ലഫ്. ജനറൽ (റിട്ട) അനിൽ ചൗഹാൻ. മേജർ ജനറലായിരിക്കെ, ബാരാമുള്ള സെക്ടറിൽ ഇൻഫൻട്രി ഡിവിഷൻ നയിച്ച ചൗഹാൻ, കശ്മീരിൽ ഭീകരർക്കെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽനിന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദികൾക്കെതിരായ സേനാ നടപടികളിലും നേതൃപരമായ പങ്കുവഹിച്ചു. 2019ൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദികൾക്കെതിരെ മ്യാൻമർ സേനയുമായി ചേർന്ന് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സൺറൈസ്’ ദൗത്യത്തിനു ചുക്കാൻ പിടിച്ചു. ചൈനയുമായുള്ള കിഴക്കൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കിഴക്കൻ സേനാ കമാൻഡിന്റെ മേധാവിയായി 2021 മേയിൽ വിരമിച്ച ചൗഹാൻ, സേനയിലെ ‘ചൈനാ വിദഗ്ധനാ’യാണ് അറിയപ്പെടുന്നത്.
40 വർഷത്തെ സേവനകാലയളവിനിടെ പല തവണ കിഴക്കൻ കമാൻഡിനു കീഴിൽ സേവനമനുഷ്ഠിച്ചു. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം തുടരവേയാണ് ചൈനീസ് സേനയെ അടിമുടി അറിയാവുന്ന ചൗഹാനെ കേന്ദ്രം സിഡിഎസ് പദവിയിൽ നിയമിക്കുന്നത്.
English Summary: Anil Chauhan China specialist