ADVERTISEMENT

വിജയവാഡ ∙ ബദൽ നയങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന തത്വാധിഷ്ഠിത പ്രതിപക്ഷ ചേരിക്കു മാത്രമേ ബിജെപിയെ താഴെയിറക്കി ഇന്ത്യയെ രക്ഷിക്കാൻ കഴിയൂവെന്ന് സിപിഐയുടെ 24–ാം പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ഇടതുപക്ഷത്തിനേ ആ ബദൽ രൂപകൽപനയ്ക്കു മുൻകൈ എടുക്കാൻ സാധിക്കൂവെന്നും സിപിഎം, സിപിഐ (എംഎൽ), ഫോർവേഡ് ബ്ലോക്ക് പ്രതിനിധികൾ പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തിൽ രാജ ചൂണ്ടിക്കാട്ടി. 

ബദൽ നയങ്ങളിലൂടെ ജനപിന്തുണ ആർജിക്കുന്നതിൽ കേരളത്തിലെ ഇടതു മുന്നണി സർക്കാർ മാതൃകയാണെന്ന രാജയുടെ അഭിപ്രായത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പിന്തുണച്ചു. കോവിഡിനെ നേരിടുന്നതിൽ കേരള സർക്കാർ കാട്ടിയ മികവ് രാജ എടുത്തു പറഞ്ഞു. സിപിഎമ്മും സിപിഐയും കക്ഷികളായ മുന്നണിക്ക് കേരളത്തിൽ തുടർഭരണം നേടാൻ കഴിഞ്ഞത് പ്രതിപക്ഷ കക്ഷികൾ മാതൃകയാക്കണമെന്ന് യച്ചൂരി ചൂണ്ടിക്കാട്ടി. 

സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.നാരായണ എന്നിവർ പ്രസംഗിച്ചു. കേരളത്തിൽ നിന്നുള്ള പി.സന്തോഷ് കുമാർ എംപി ഉൾപ്പെട്ട പത്തംഗ പ്രസീഡിയമാണ് പ്രതിനിധി സമ്മേളനം നിയന്ത്രിക്കുന്നത്. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഗൗരവമുള്ള ആത്മപരിശോധനയ്ക്കു വഴി വയ്ക്കണമെന്നു രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട്ടിൽ ലഭിച്ച 2 സീറ്റാണ് പാർട്ടിക്ക് ആകെയുള്ളത്. പാർട്ടിയുടെ ശക്തി കൊണ്ട് ഒറ്റ സീറ്റ് പോലും ജയിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. 

കോൺഗ്രസിനെക്കുറിച്ച് മിണ്ടാട്ടമില്ല

പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ കോൺഗ്രസിനെ ‘അവഗണിച്ച്’ ഇടതു നേതാക്കൾ. സിപിഎം, സിപിഐ, സിപിഐ (എംഎൽ), ഫോർവേഡ് ബ്ലോക്ക് പ്രതിനിധികളുടെ പ്രസംഗത്തിൽ കോൺഗ്രസ് കടന്നു വന്നില്ല. ജനാധിപത്യ, മതനിരപേക്ഷ കക്ഷികൾ യോജിച്ച് അണിനിരക്കണമെന്ന് എല്ലാവരും പറഞ്ഞെങ്കിലും കോൺഗ്രസിനെ ആ ചേരിയുടെ അവിഭാജ്യ ഘടകമായി ഇടതുപാർട്ടികൾ കാണുന്നില്ല എന്ന സൂചനയാണ് ‘മൗന’ത്തിലുടെ അവർ പ്രകടിപ്പിച്ചത്. സിപിഎമ്മിന്റെയും സിപിഐയുടെയും കഴിഞ്ഞ പാർട്ടി കോൺഗ്രസുകളിൽ പ്രധാന രാഷ്ട്രീയ സംവാദ വിഷയം തന്നെ കോൺഗ്രസുമായുള്ള ബന്ധമായിരുന്നു. 

ഐക്യം അകലെ!

കമ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണം എന്ന സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ആഹ്വാനത്തിനു പിടി കൊടുക്കാതെ വീണ്ടും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഇടത് ഐക്യവും ഏകീകരണവുമാണ് സിപിഐയുടെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജ വ്യക്തമാക്കി. ഇടത് ഐക്യവും പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള പ്രതിപക്ഷ ഐക്യവും യച്ചൂരി ശരിവച്ചു. ഇടത് ഐക്യത്തിന്റെ ആവശ്യം സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയും ചൂണ്ടിക്കാട്ടി. കേരളത്തിൽ യുഡിഎഫിൽ ഉള്ള ഫോർവേഡ് ബ്ലോക് പ്രതിനിധിക്കു സിപിഐ വേദിയിൽ ഹൃദ്യമായ വരവേൽപാണു ലഭിച്ചത്. 

ദേശീയ പതാക, ദേശീയ ഗാനം, വിദേശ പ്രതിനിധികൾ

ദേശീയ പതാക ഉയർത്തിയും ദേശീയ ഗാനം ആലപിച്ചും സിപിഐ പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ചു. സ്വാതന്ത്ര്യസമര സേനാനി കൂടിയായ 100 വയസ്സ് പിന്നിട്ട വൈ.കൃഷ്ണമൂർത്തി ദേശീയ പതാകയും മുൻ ജനറൽ സെക്രട്ടറി ഡി.സുധാകർ റെഡ്ഡി പാർട്ടി പതാകയും ഉയർത്തി. ഇടവേളയ്ക്കു ശേഷം, വിദേശരാജ്യങ്ങളിൽനിന്നുളള സുഹൃദ് പ്രതിനിധികൾ ഉദ്ഘാടന വേദിയിൽ അതിഥികളായി. 

ഹിന്ദിയിൽ പത്രം തുടങ്ങും

സിപിഐ ഹിന്ദി ദിനപത്രം തുടങ്ങുന്നു. ഹിന്ദി ഹൃദയ ഭൂമിയിൽ പാർട്ടിക്ക് വേരോട്ടം ഉണ്ടാക്കാനായി ദിനപത്രം വേണമെന്ന് സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 15 സംസ്ഥാനങ്ങളിലെ 80 കോടി ജനങ്ങളിലേക്ക് പാർട്ടിയെ എത്തിക്കാൻ ആവശ്യമാണ് എന്നതിനാൽ നേതൃത്വം നടപടികൾ ആരംഭിക്കണമെന്നു നിർദേശിച്ചു. 

Content Highlight: CPI Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com