ഹിമാചൽപ്രദേശിൽ ഗ്രൂപ്പുകളിയുടെ മഞ്ഞുവീഴ്ച; വിഭാഗീയത ബിജെപിക്കും കോൺഗ്രസിനും തലവേദന
Mail This Article
ന്യൂഡൽഹി ∙ ബിജെപിയെയും കോൺഗ്രസിനെയും മാറി മാറി പിന്തുണയ്ക്കുന്ന രീതിയാണ് കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിൽ ഹിമാചൽ ജനത സ്വീകരിക്കുന്നത്. ഭരണ വിരുദ്ധ വികാരം ബിജെപിക്കെതിരെ ശക്തമാണെങ്കിലും അതു മുതലെടുക്കാനുള്ള ശേഷി കോൺഗ്രസിനുണ്ടോയെന്നതാണ് ഇത്തവണത്തെ പ്രധാന ചോദ്യം. ആം ആദ്മി പാർട്ടിയും ഇത്തവണ ശക്തി പരീക്ഷിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം 2 തവണ ഹിമാചൽപ്രദേശിൽ റാലി നടത്തുകയും വികസന പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്നലെ പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു തുടക്കമിട്ടു റാലി നടത്തി. ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളും ഒരു തവണ ഹിമാചലിലെത്തി.
കഴിഞ്ഞ തവണ ബിജെപി ഭൂരിപക്ഷം നേടിയെങ്കിലും പ്രമുഖ നേതാവ് പ്രേം കുമാർ ധുമാലിന്റെ അപ്രതീക്ഷിത തോൽവിയാണ് ജയ് റാം ഠാക്കൂറിന് വഴിയൊരുക്കിയത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന, പാർലമെന്റ് ഉപതിരഞ്ഞെടുപ്പുകളിൽ സിറ്റിങ് സീറ്റുകളടക്കം കോൺഗ്രസ് പിടിച്ചെടുത്തത് പാർട്ടിയെ ഉലച്ചിട്ടുണ്ട്. മറുഭാഗത്ത് കോൺഗ്രസിന് കരുത്തനായ നേതാവ് അന്തരിച്ച വീർഭദ്ര സിങിന്റെ അഭാവം പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ആരാണ് മുഖ്യമന്ത്രി എന്നു തീരുമാനിക്കാത്തതിനാൽ സംസ്ഥാന നേതൃത്വത്തിൽ ആശയക്കുഴപ്പമുണ്ട്. ഇരു പാർട്ടികളിലും ഗ്രൂപ്പുകളി പാരമ്യത്തിലുമാണ്.
നേതൃത്വം പ്രിയങ്കയ്ക്ക്
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലായതിനാൽ ഹിമാചലിൽ കോൺഗ്രസ് പ്രചാരണത്തിന്റെ നേതൃത്വം പ്രിയങ്ക ഗാന്ധിക്കായിരിക്കും. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ, ഒരു ലക്ഷം യുവാക്കൾക്കു തൊഴിൽ നൽകാനുള്ള തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിലെടുക്കുമെന്നു ഇന്നലെ സോളനിൽ സംഘടിപ്പിച്ച ‘പരിവർത്തൻ പ്രതിജ്ഞാ റാലി’യിൽ പ്രിയങ്ക പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങളിൽ 60,000 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥർക്കു കൂടുതൽ ഗുണം ലഭിക്കുന്ന പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. പഴയ പെൻഷൻ പദ്ധതിക്കായി ജീവനക്കാർ 2 മാസമായി ധർണയിരിക്കുകയാണെങ്കിലും സർക്കാർ ഗൗനിക്കുന്നില്ല. പെൻഷൻ നൽകാൻ ബിജെപിയുടെ കയ്യിൽ പണമില്ലെങ്കിലും വലിയ വ്യവസായികളുടെ വായ്പ അവർ എഴുതിത്തള്ളുന്നുണ്ടെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിനുള്ള പ്രചാരണ ഗാനം പ്രിയങ്ക പുറത്തിറക്കി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹിമാചൽ പിസിസി പ്രസിഡന്റ് പ്രതിഭ വീരഭദ്ര സിങ് തുടങ്ങിയവർ പങ്കെടുത്തു.
∙ ബിജെപി
കരുത്ത്
∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി.
∙ കേന്ദ്രത്തിലും സംസ്ഥാനത്തിലും ‘ഡബിൾ എൻജിൻ’ സർക്കാർ വികസനം കൊണ്ടുവരുമെന്ന പ്രചാരണം
∙ സംഘടനാ ശക്തി.
ദൗർബല്യം
∙ കർഷകർ, യുവാക്കൾ എന്നിവർക്കിടയിലെ ഭരണ വിരുദ്ധ വികാരവും പ്രതിഷേധവും
∙ രൂക്ഷമായ ഗ്രൂപ്പുകളിയും തൊഴുത്തിൽക്കുത്തും.
∙ മറ്റു പാർട്ടികളിൽനിന്നു വന്നവരെ ഉൾക്കൊള്ളിക്കാൻ നടത്തുന്ന വിട്ടുവീഴ്ചകൾ അണികളിൽ ഉണ്ടാക്കുന്ന അസ്വസ്ഥത
∙ കോൺഗ്രസ്
കരുത്ത്
∙ ഭരണ വിരുദ്ധ വികാരവും ഉപതിരഞ്ഞെടുപ്പുകളിലെ ജയവും.
∙ വീരഭദ്ര സിങ്ങിന്റെ ജനപ്രീതി മുതലെടുക്കാൻ പിസിസി അധ്യക്ഷയും സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിങ്ങിനുള്ള കഴിവ്
∙ താഴേത്തട്ടിലുള്ള ജനസ്വാധീനം
ദൗർബല്യം
∙ കടുത്ത ഗ്രൂപ്പു കളി
∙ ‘കൂട്ടായ നേതൃത്വം’ എന്ന ഹൈക്കമാൻഡ് തീരുമാനം ഉണ്ടാക്കിയ ആശയക്കുഴപ്പം
∙ ബിജെപിയിലെ ദൗർബല്യങ്ങൾ മുതലെടുക്കാൻ തക്ക സംഘടനാ ശേഷിയില്ലാത്തത്.
∙ ആം ആദ്മി പാർട്ടി
കരുത്ത്
∙ അഴിമതി വിരുദ്ധ പ്രതിഛായയും ജനപ്രിയ നയങ്ങളുടെ വിശ്വാസവും.
∙ കോൺഗ്രസിനു ബദലെന്ന പ്രചാരണം.
∙ ഇരുപക്ഷങ്ങളെയും മടുത്തവർക്ക് അവസരമെന്ന പ്രചാരണം.
ദൗർബല്യം
∙ സംഘടനാ ദൗർബല്യം
∙ പാർട്ടി നേതൃത്വത്തിന്റെ കൂറുമാറ്റം
∙ ബിജെപി–കോൺഗ്രസ് ആഭിമുഖ്യമുള്ള വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടത്ര തയാറെടുപ്പില്ലാത്തത്.
English Summary: Groupism in BJP and Congress in Himachal Pradesh