ADVERTISEMENT

വിജയവാഡ ∙ ഒടുവിൽ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറി എന്ന അംഗീകാരംകൂടി ഡി.രാജ നേ‌ടിയെടുത്തു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട എസ്.സുധാകർ റെഡ്ഡി അനാരോഗ്യം മൂലം ഒഴിവായപ്പോൾ 2019 ജൂലൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് രാജയെ ജനറൽ സെക്രട്ടറി ആക്കിയത്. വിജയവാഡ പാർട്ടി കോൺഗ്രസ് രാജയുടെ നേതൃത്വം അടിവരയിട്ട് അംഗീകരിച്ചിരിക്കുന്നു. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത് എത്തുന്ന ആദ്യ ദലിത് നേതാവാണ് തമിഴ്നാട്ടിൽനിന്നുള്ള ദുരൈ സ്വാമി രാജ.

പാർട്ടി കോൺഗ്രസിൽ ഏകകണ്ഠമായാണ് രാജയുടെ പേരു നിശ്ചയിച്ചതെങ്കിലും കാര്യങ്ങൾ അത്ര അനായാസമായിരുന്നില്ല. പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണു സമ്മേളനത്തിലുണ്ടായത്. കേന്ദ്ര സെക്രട്ടേറിയറ്റിലെ സീനിയർ അംഗങ്ങളായ അതുൽ കുമാർ അഞ്ജാനോ അമർജിത് കൗറോ സ്ഥാനത്തെത്താൻ തയാറായും നിന്നു. എന്നാൽ, ഈ ഘട്ടത്തിൽ രാജയെ ഒഴിവാക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുക എന്നായി ഒടുവിൽ വിലയിരുത്തൽ. പകരം പാർട്ടി സെന്റർ  ശക്തിപ്പെടുത്താൻ നിശ്ചയിച്ചു. 3 പുതിയ അംഗങ്ങൾ സെക്രട്ടേറിയറ്റിൽ എത്തിയത് അതിന്റെ ഫലമായാണ്.

താണ്ടിയത് കഠിനപാതകൾ; ദുഷ്കര ദൗത്യം മുന്നിൽ

ദാരിദ്ര്യത്തിന്റെയും ജാതിവിവേചനത്തിന്റെയും കഠിന പാതകൾ താണ്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരത്തേക്കു രാജ കടന്നുവന്നത്. വെല്ലൂർ ജില്ലയിലെ ചിത്താത്ത് ഗ്രാമത്തിൽ ദുരൈ സാമി - നായകം ദമ്പതികളുടെ മകനായാണു ജനനം. സിപിഐ ദേശീയ നിർവാഹക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ തട്ടകം ഡൽഹിയിലേക്കു മാറി. ടിവി ചർച്ചകളിലും പാർലമെന്റിലും ശ്രദ്ധേയ സാന്നിധ്യമായി. 2007ലും 2013ലും തമിഴ്നാട്ടിൽനിന്നു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പ്രതിസന്ധിയുടെയും നഷ്ടപ്രതാപത്തിന്റെയും ഈ കാലത്ത് പാർട്ടിയെ നയിക്കുക എന്ന ദുഷ്കര ദൗത്യമാണു രാജയെ കാത്തിരിക്കുന്നത്. മലയാളിയായ ദേശീയ നിർവാഹക സമിതി അംഗം ആനി രാജയാണ് ഭാര്യ. എഐ എസ്എഫ് പ്രവർത്തകയും ഗവേഷണ വിദ്യാർഥിയുമായ അപരാജിത ഏക മകളാണ്.

കോൺഗ്രസ് സഖ്യം: തീരുമാനം പിന്നീടെന്ന് ഡി.രാജ

വിജയവാഡ∙ ബിജെപിക്ക് എതിരായ വിശാലസഖ്യത്തിൽ കോൺഗ്രസ് ഉണ്ടാകുമോ എന്ന കാര്യം അതതു പ്രദേശത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചു തീരുമാനിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. സ്വന്തം ദൗർബല്യങ്ങളും വീഴ്ചകളും കോൺഗ്രസ് തിരിച്ചറിയുകയാണു പ്രധാനമെന്നും രാജ പറഞ്ഞു.

English Summary: Second term for D. Raja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com