ADVERTISEMENT

ന്യൂഡൽഹി ∙ 74 ദിവസം മാത്രമേ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിർണായക മാറ്റങ്ങൾക്കു തുടക്കം കുറിച്ചാണ് യു.യു.ലളിത് സുപ്രീം കോടതിയുടെ പടിയിറങ്ങുന്നത്. അവധിദിനമായ (ഗുരു നാനാക് ജയന്തി) നാളെ വരെ കാലാവധിയുണ്ടെങ്കിലും ഇന്നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. ഇന്ന് അദ്ദേഹം ഉൾപ്പെട്ട ബെഞ്ചിന്റെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യും. (ലിങ്ക്: webcast.gov.in/scindia). അദ്ദേഹം വിരമിക്കുന്നതോടെ 100 ദിവസത്തിൽ താഴെ മാത്രം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചവരുടെ എണ്ണം ആറാകും.

അവസാനദിവസം ജസ്റ്റിസ് ലളിത് നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനൊപ്പം ബെഞ്ച് പങ്കിടും. ബുധനാഴ്ച ജസ്റ്റിസ് ചന്ദ്രചൂഡ് 50–ാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കും.

ചീഫ് ജസ്റ്റിസ് ആയതിനു പിന്നാലെ യു.യു.ലളിത്, കെട്ടിക്കിടക്കുന്ന കേസുകൾ അതിവേഗം തീർപ്പാക്കാൻ പല നടപടികളും സ്വീകരിച്ചു. കുട്ടികൾക്ക് രാവിലെ 7നു സ്കൂളിൽ പോകാമെങ്കിൽ ജഡ്ജിമാർക്കും അഭിഭാഷകർക്കും ജോലി 9നു തുടങ്ങാൻ കഴിയില്ലേ എന്ന ജസ്റ്റിസ് ലളിതിന്റെ ചോദ്യം വലിയ ചർച്ചയായി.

സുപ്രീം കോടതി കേസുകൾ ലിസ്റ്റ് ചെയ്യുന്നതിനു പുതിയ രീതി കൊണ്ടുവന്നു. പുതിയ ഹർജികൾ 2 ഘട്ടമായി പരിശോധിച്ച്, അതതു ബെഞ്ചുകൾക്കു മുൻപാകെ ലിസ്റ്റ് ചെയ്യാൻ തുടങ്ങി. ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരിശോധിക്കുന്നവ തൊട്ടടുത്ത തിങ്കളാഴ്ചയും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പരിശോധിക്കുന്നവ തൊട്ടടുത്ത വെള്ളിയാഴ്ചയും ലിസ്റ്റ് ചെയ്യുന്നതാണു രീതി. ഒരു ബെഞ്ച് ഏകദേശം 70 കേസ് വരെ ദിവസേന പരിഗണിക്കുന്ന രീതിയും വന്നു.

മുൻഗാമിയായ ജസ്റ്റിസ് എൻ.വി.രമണ പല കേസുകളിലും ഭരണഘടനാ ബെഞ്ച് രൂപീകരിക്കാതെയാണു വിരമിച്ചതെങ്കിൽ ജസ്റ്റിസ് ലളിത് ഇതിൽ മാറ്റം കൊണ്ടുവന്നു. ചുമതലയേറ്റ് ആദ്യ മാസംതന്നെ 5 ഭരണഘടനാ ബെഞ്ചുകൾ രൂപീകരിച്ചു. ഭരണഘടനാബെഞ്ചിലെ നടപടികളുടെ തത്സമയ സംപ്രേഷണവും ആരംഭിച്ചു. പൗരത്വ നിയമം, നോട്ടുനിരോധനത്തിന്റെ സാധുത, ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ എന്നിവ സംബന്ധിച്ച ഹർജികളും ഇക്കാലത്തു പരിഗണിച്ചു.

അഭിഭാഷകവൃത്തിയിലിരിക്കെ നേരിട്ടു സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് യു.യു.ലളിത്.

 

മുന്നാക്ക സംവരണം: വിധി ഇന്ന്

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നു രാവിലെ 10.30നു വിധി പറയും.

 

English Summary: Chief Justice of India U.U. Lalit retires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com