പ്രിയങ്കയുടെ വീടും ഒരുപാടു ചർച്ചകളും
Mail This Article
ഹിമാചലിൽ കോൺഗ്രസിന്റെ താരപ്രചാരക ഇക്കുറി പ്രിയങ്ക ഗാന്ധിയാണ്. ഇവിടെ വീടു സ്വന്തമായുള്ള പ്രിയങ്ക ഇവർക്കു നാട്ടുകാരിയുമാണ്. 12നു തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഹിമാചൽ രാഷ്ട്രീയത്തിൽ ഈ വീടിനു രാഷ്ട്രീയ പ്രാധാന്യം കൂടിയിട്ടുണ്ട്. കോൺഗ്രസിന്റെ മുൻ അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്കയുടെ വീട്ടിലുണ്ടെങ്കിലും ആരോഗ്യകാരണങ്ങളാൽ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. ദീപാവലിക്കു പിന്നാലെ ഡൽഹിയിൽ പുകമാലിന്യം കൂടുമ്പോൾ സോണിയ ഷിംലയിലെ വീട്ടിലേക്കു മാറുക പതിവാണ്. പ്രിയങ്കയുടെ വീട്ടിൽ നടന്ന ഹിമാചൽ കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ സോണിയയുടെ സാന്നിധ്യം ഉണ്ടായെന്നും നേതാക്കൾ പറയുന്നു.
വീടിനെച്ചൊല്ലി വിവാദവും
കോൺഗ്രസ്, ബിജെപി സർക്കാരുകളുടെ കാലത്ത്, 3 ഘട്ടമായാണ് പ്രിയങ്ക ഇവിടെ സ്ഥലം വാങ്ങിയതും വീടു വച്ചതും. ഹിമാചലിലെ കുടികിടപ്പു നിയമ പ്രകാരം കർഷകരല്ലാത്തവർക്ക് ഇവിടെ ഭൂമി വാങ്ങാൻ കഴിയില്ലെന്നും വീട് പൊളിക്കണമെന്നും മുൻപ് മഹിള മോർച്ച പ്രസിഡന്റ് രശ്മി ധർ സൂദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ. വീടിനു സംരക്ഷണം നൽകുമെന്നായിരുന്നു ബിജെപി മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ നിലപാട്.
ഭൂപരിഷ്കരണ നിയമത്തിലെ നിബന്ധനയ്ക്ക് ഇളവുണ്ടെന്നും പ്രത്യേക അനുമതി വാങ്ങിയാണ് പ്രിയങ്ക സ്ഥലം വാങ്ങിയതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. ഹെലിപ്പാഡ് ഉൾപ്പെടെയുള്ള അതീവസുരക്ഷാ മേഖല ആയതിനാൽ രാഷ്ട്രപതി ഭവന്റെ പ്രത്യേക അനുമതിയും പ്രിയങ്ക നേടിയിരുന്നു.
പ്രചാരണം ഇന്നു തീരും; വോട്ടെടുപ്പ് മറ്റന്നാൾ
ഷിംല ∙ ഹിമാചലിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്നു വൈകിട്ട് അഞ്ചിനു സമാപനം. 12നാണ് വോട്ടെടുപ്പ്. ഡിസംബർ 8നു ഗുജറാത്തിനൊപ്പം ഹിമാചലിലും വോട്ടെണ്ണൽ നടക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ പ്രചാരണ യോഗങ്ങളിൽ പ്രസംഗിച്ചു.
തന്റേത് വോട്ടെടുപ്പിലൂടെ; നഡ്ഡയുടേതോ?: ഖർഗെ
ഷിംല ∙ കോൺഗ്രസ് പ്രസിഡന്റായി താൻ തിരഞ്ഞെടുക്കപ്പെട്ടത് വോട്ടെടുപ്പിലൂടെയാണെന്നും ജെ.പി.നഡ്ഡ ബിജെപി അധ്യക്ഷനായത് എങ്ങനെയാണെന്ന് ആർക്കുമറിയില്ലെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു. 70 വർഷം ഭരിച്ച കോൺഗ്രസ് എന്തു ചെയ്തുവെന്നാണ് ബിജെപി നിരന്തരം ചോദിക്കുന്നത്. ഇവിടെ വൈദ്യുതിയും റോഡും കോളജുകളും മറ്റു സൗകര്യങ്ങളും ഈ 7 വർഷത്തിനിടെ ഉണ്ടായതാണോയെന്നും അദ്ദേഹം ചോദിച്ചു.
∙ ‘വ്യാജവാഗ്ദാനങ്ങൾ മാത്രം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. നാൾക്കുനാൾ കോൺഗ്രസ് ദുർബലമാകുന്നു. രണ്ടിടത്ത് മാത്രമാണ് അധികാരമുള്ളത്. അവിടെയും വികസനത്തിന്റെ പേരിലല്ല, പാർട്ടിക്കുള്ളിലെ അടിപിടിയുടെ പേരിലാണ് വാർത്ത.’ – നരേന്ദ്ര മോദി
Content Highlight: Himachal Pradesh Election 2022