ഷിംലയിൽ വോട്ടിങ് യന്ത്രം സ്വകാര്യവാഹനത്തിൽ; കോൺഗ്രസ് തടഞ്ഞു
Mail This Article
ന്യൂഡൽഹി ∙ ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിലെ റാംപുരിൽ പോളിങ്ങിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുപോയ സ്വകാര്യ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്താനാണ് കൊണ്ടുപോകുന്നതെന്നു കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസിന്റെ പരാതിയിൽ പോളിങ് ഓഫിസറടക്കം 7 പേരെ തിരഞ്ഞെടുപ്പു കമ്മിഷൻ സസ്പെൻഡ് ചെയ്തു.
വോട്ടിങ് യന്ത്രങ്ങൾ സർക്കാർ വാഹനത്തിൽ കൊണ്ടുപോകണം എന്നാണു നിയമമെങ്കിലും സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയത് അട്ടിമറി ലക്ഷ്യമിട്ടാണെന്ന് കോൺഗ്രസ് എംഎൽഎ നന്ദ്‌ലാൽ പറഞ്ഞു. ഇതു കണ്ടെത്തി വാഹനം തടഞ്ഞ് പൊലീസിനെയും തിരഞ്ഞെടുപ്പു കമ്മിഷനെയും അറിയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ പെട്ടികൾ സ്ട്രോങ് റൂമിലേക്കു മാറ്റി.
പെട്ടികൾക്കു കേടുപാടു സംഭവിച്ചിട്ടില്ലെന്നും തിരിമറി നടന്നിട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. എന്നാൽ ബിജെപിക്കു വേണ്ടി തിരിമറി നടത്താനാണു കടത്തിയതെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്.
ഹിമാചലിൽ പോളിങ് 74%
ന്യൂഡൽഹി ∙ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 74.05 % പോളിങ് രേഖപ്പെടുത്തിയതായി ഒടുവിലത്തെ വിവരം. 2017ൽ 75.6% ആയിരുന്നു പോളിങ്. 55 ലക്ഷത്തിലേറെ വോട്ടർമാരാണ് ഹിമാചലിൽ ഉളളത്. വോട്ടെണ്ണൽ ഡിസംബർ 8ന്.
English Summary: Voting machine in private vehicle in Shimla