കളത്തിൽ കൊണ്ടും കൊടുത്തും ‘നാത്തൂൻ പോര്’; ഏതു വിക്കറ്റ് വീണാലും ‘ടെസ്റ്റ്’ ജഡേജയ്ക്ക്!
Mail This Article
ടെസ്റ്റ് മത്സരങ്ങൾ പലതു കളിച്ചിട്ടുണ്ടെങ്കിലും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ജീവിതത്തിൽ ഇങ്ങനെയൊരു‘ടെസ്റ്റ്’ നേരിടുന്നത് ആദ്യമാണ്. ജാംനഗർ നോർത്ത് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയായി രംഗത്തുള്ളത് ഭാര്യ റിവാബ ജഡേജ. റിവാബയ്ക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ ജഡേജയെ നോക്കി എതിർ ടീമിൽ നിന്നൊരാൾ കണ്ണുരുട്ടുന്നുണ്ട്; സഹോദരിയും കോൺഗ്രസിലെ തീപ്പൊരി നേതാവുമായ നയനാബ ജഡേജ.
മണ്ഡലം പിടിക്കാൻ റിവാബയും കോൺഗ്രസ് സ്ഥാനാർഥി ബിപേന്ദ്രസിങ് ജഡേജയുടെ പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്ത് നയനാബയും രംഗത്തിറങ്ങിയതോടെ ഈ തീരദേശ മണ്ഡലം സംസ്ഥാന രാഷ്ട്രീയത്തിലെ കൗതുക പോരാട്ടത്തിനു വേദിയായി. ഭാര്യയും സഹോദരിയും വാശിയോടെ രംഗത്തുള്ള മത്സരത്തിൽ പരസ്യ പിന്തുണ ഭാര്യയ്ക്കാണെങ്കിലും സഹോദരിയെ പിണക്കാതിരിക്കാൻ ജഡേജ ശ്രദ്ധിക്കുന്നു.
2019 ൽ റിവാബ ബിജെപിയിൽ ചേർന്നതിനു തൊട്ടുപിന്നാലെ നയനാബ കോൺഗ്രസിൽ അംഗത്വമെടുത്തു. പ്രചാരണത്തിൽ കൊണ്ടും കൊടുത്തും ഇരുവരും മുന്നേറുകയാണ്. ക്രിക്കറ്റ് ജഴ്സിയണിഞ്ഞ കുട്ടികൾക്കൊപ്പം നടന്ന് റിവാബ വോട്ട് പിടിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം നയനാബ രംഗത്തുവന്നു. കുട്ടികളെ പ്രചാരണത്തിനിറക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. അതിനോടുള്ള റിവാബയുടെ മറുപടിയിങ്ങനെ: ‘ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്റെ ഭർതൃസഹോദരിയല്ല, ഒരു കോൺഗ്രസ് പ്രവർത്തക മാത്രമാണ്. അതിനെ അങ്ങനെ കണ്ടാൽ മതി’.
റിവാബയുടെ യഥാർഥ പേര് റിവാബ സോളങ്കി എന്നാണെന്നും വിവാഹം കഴിഞ്ഞ് 6 വർഷത്തിനു ശേഷവും അതു മാറ്റാതെ ഇപ്പോൾ ജഡേജ എന്ന പേര് സ്വീകരിച്ചത് സഹോദരന്റെ പ്രശസ്തി രാഷ്ട്രീയമായി ഉപയോഗിക്കാൻ വേണ്ടിയാണെന്നും നയനാബ കുറ്റപ്പെടുത്തുന്നു. ഇന്ത്യൻ ജഴ്സിയണിഞ്ഞു നിൽക്കുന്ന ജഡേജയുടെ ചിത്രമുൾപ്പെടുത്തി പ്രചാരണ പോസ്റ്റർ ഇറക്കി റിവാബ തിരിച്ചടിച്ചു.
2008 ൽ രൂപം കൊണ്ട മണ്ഡലത്തിൽ ഇതുവരെ നടന്ന 2 തിരഞ്ഞെടുപ്പുകളിൽ ജയിച്ചത് ഒരേയാൾ തന്നെയാണ്; പക്ഷേ, 2 പാർട്ടികളിൽ നിന്ന്. ധർമേന്ദ്ര സിങ് ജഡേജ 2012 ൽ കോൺഗ്രസ് എംഎൽഎയായി, 2017 ൽ മറുകണ്ടം ചാടി ബിജെപി സ്ഥാനാർഥിയായി ജയിച്ചു. ഇക്കുറി ധർമേന്ദ്രയ്ക്കു സീറ്റ് നിഷേധിച്ചാണ് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ റിവാബയെ ബിജെപി കളത്തിലിറക്കിയത്. കോൺഗ്രസ്, ആം ആദ്മി എന്നിവ ഉയർത്തുന്ന വെല്ലുവിളികൾക്കു പുറമേ ധർമേന്ദ്രയുടെ വിമത നീക്കങ്ങളെയും റിവാബയ്ക്ക് അതിജീവിക്കേണ്ടി വരും.
English Summary: Cricketer Ravindra Jadeja's wife and sister battle in Jamnagar North for Gujarat Assembly Election 2022