ADVERTISEMENT

ബിജെപിയുടെ ശക്തികേന്ദ്രമായ വഡോദര ജില്ലയിലെ വഘോഡിയ മണ്ഡലത്തിൽ ഇത്തവണ പൊരിഞ്ഞ പോരാട്ടമാണ്. 2 റിബലുകളാണ് ഇവിടെ ഭരണകക്ഷിക്കു തലവേദന. 6 തവണ ബിജെപി എംഎൽഎ ആയിരുന്ന മധു ശ്രീവാസ്തവയും കഴിഞ്ഞ തവണ ശ്രീവാസ്തവയോടു തോറ്റ ബിജെപി വിമതൻ ധർമേന്ദ്രസിങ് വഗേലയും ഇത്തവണ സ്വതന്ത്രരായി മത്സരിക്കുന്നത് വഘോഡിയയിൽ മാത്രമല്ല, പരിസരത്തെ മണ്ഡലങ്ങളിലും ബിജെപിയെ അസ്വസ്ഥരാക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിൻ പട്ടേലും കോൺഗ്രസിന്റെ സത്യജിത് ഗെയ്ക്‌‌‌വാദുമാണ് മറ്റു പ്രധാന സ്ഥാനാർഥികൾ. 

1995 മുതൽ ജയിച്ചുകൊണ്ടിരിക്കുന്ന മധു ശ്രീവാസ്തവയാണ് മണ്ഡലത്തിന്റെ ജീവനെന്നു പറയാം. തൊപ്പിയും കോട്ടുമൊക്കെ ധരിച്ച് പക്കാ ‘ഡോൺ’ ലുക്കിലാണ് ശ്രീവാസ്തവയുടെ നടപ്പും പോസ്റ്ററുകളുമെല്ലാം. ‘എന്റെ അനുയായികളെ തൊട്ടാൽ തൊട്ടവനെ തട്ടും’ എന്ന തട്ടുപൊളിപ്പൻ ഡയലോഗുകളും വരുന്നുണ്ട്. ബറോഡ നഗരത്തോടു തൊട്ടുകിടക്കുന്ന വലിയ മണ്ഡലമാണ് വഘോഡിയ.

ഭരണവിരുദ്ധവികാരം കുറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ശ്രീവാസ്തവയെ ബിജെപി ഒഴിവാക്കിയത്. പ്രദേശത്തെ മുടിചൂടാ മന്നനായ മധു ഉടൻ രാജിവച്ച് സ്വതന്ത്രനായി രംഗത്തിറങ്ങി. കരിമ്പു കർഷകനാണ് അദ്ദേഹത്തിന്റെ ചിഹ്നം. കഴിഞ്ഞ തവണ അദ്ദേഹം ബിജെപി ടിക്കറ്റിൽ മത്സരിച്ചപ്പോഴും ധർമേന്ദ്ര വഗേല വിമതനായി മത്സരിച്ചിരുന്നു. എന്നിട്ടും പാർട്ടി നടപടിയെടുത്തിരുന്നില്ല. കോൺഗ്രസ് കഴിഞ്ഞ തവണ സഖ്യകക്ഷിയായിരുന്ന ഭാരതീയ ട്രൈബൽ പാർട്ടിക്കാണ് സീറ്റു നൽകിയത്. 

ക്ഷത്രിയ വോട്ടുകളാണ് ഏറെയും. ബിജെപിവിരുദ്ധ വികാരമുണ്ടായിരുന്നിട്ടും കോൺഗ്രസിനു കിട്ടിക്കൊണ്ടിരുന്ന ആ വോട്ടുകളൊക്കെ മധു ശ്രീവാസ്തവയ്ക്കു കിട്ടിയപ്പോൾ അദ്ദേഹം പതിനായിരത്തോളം വോട്ടുകൾക്കു ജയിച്ചു. ഇത്തവണ രാജകുടുംബാംഗമായ സത്യജിത് ഗെയ്ക്‌വാദ് ഉള്ളതുകൊണ്ട് ക്ഷത്രിയ വോട്ടുകൾ നഷ്ടപ്പെടില്ലെന്നു കോൺഗ്രസ് കരുതുന്നു; ബിജെപി വോട്ടുകൾ 3 സ്ഥാനാർഥികൾക്കായി ഭിന്നിച്ചുപോകുമെന്നും. 

അതു സംഭവിക്കാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കളും പ്രചാരണത്തിനെത്തിയിരുന്നു. എന്തായാലും ‘മധുഭായി’യുടെ അനുയായികൾ ആത്മവിശ്വാസത്തിലാണ്. എങ്കിലും ജയിച്ചു കഴിഞ്ഞാൽ ബിജെപിക്കൊപ്പം നിൽക്കുമെന്നു ശ്രീവാസ്തവയും വഗേലയും പറഞ്ഞിട്ടുണ്ട്. ബിജെപി അതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

English Summary: Rebels causing worry for BJP in some constituencies in Gujarat Assembly Election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com