ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിലടക്കമുള്ള ഇഎസ്ഐ ആശുപത്രികളിലെ താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം ജീവനക്കാർക്കു തുല്യമായ വേതനം ഉറപ്പാക്കാനുള്ള ശുപാർശ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ബോർഡ് (ഇഎസ്ഐസി) കേന്ദ്ര ധനമന്ത്രാലയത്തിനു കൈമാറി. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ഏകദേശം 15,000 ജീവനക്കാർക്ക് പ്രതിമാസം 18,000 രൂപ ചുരുങ്ങിയ വേതനം ലഭിക്കും. 

കേരളത്തിലെ 3 ഇഎസ്ഐ ആശുപത്രികളിലായി അഞ്ഞൂറോളം ജീവനക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഇഎസ്ഐസി ബോർഡ് അംഗം വി.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. താൽക്കാലിക ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി ലഭ്യമാക്കണമെന്ന് തൊഴിൽ മന്ത്രാലയത്തോടു ബോർഡ് ശുപാർശ ചെയ്തു. 

നഴ്സ്, ഹൗസ്കീപ്പിങ്, സെക്യൂരിറ്റി, ഡ്രൈവർ തസ്തികകളിലാണ് കരാർ ജീവനക്കാരിലേറെയുമുള്ളത്. കേരളത്തിൽ ആയുർവേദ ആശുപത്രി സ്ഥാപിക്കുന്നതു പരിഗണിക്കാമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി. കൊല്ലത്തെ എഴുകോൺ, കൊച്ചിയിലെ ഉദ്യോഗമണ്ഡൽ എന്നിവിടങ്ങളിലൊരിടത്താവും ആശുപത്രി സ്ഥാപിക്കുക. 

ജീവനക്കാരുടെ ശമ്പളം എത്ര ഉയർന്നാലും 21,000 രൂപ വരെയുള്ള പ്രതിമാസ ശമ്പളത്തിന് ആനുപാതികമായി ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന നിർദേശം പരിഗണിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ 8 ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ ഡെന്റൽ, നഴ്സിങ് കോളജുകൾ സ്ഥാപിക്കും. 

നോൺ ഗസറ്റഡ് കേഡറിൽ ഗ്രൂപ്പ് ബി വിഭാഗം നഴ്സുമാർക്ക് ബോണസ് നൽകുന്നതു പരിഗണിക്കും. 12,000 നഴ്സുമാരാണ് ഈ വിഭാഗത്തിലുള്ളത്. കേരളത്തിലെ ഇഎസ്ഐ ആശുപത്രികളിൽ 10 വർഷത്തിലേറെയായി സ്ഥാനക്കയറ്റം ലഭിക്കാത്ത 127 ജീവനക്കാർക്കും സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കും. സംസ്ഥാന ലേബർ സെക്രട്ടറിമാർ ബോർഡിൽ അംഗങ്ങളാണെങ്കിലും കേരളത്തിലെ ലേബർ സെക്രട്ടറി യോഗത്തിനെത്തിയില്ല.

English Summary: ESI hospital's contract staff salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com