ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പോളിങ് ഇന്നു നടക്കുമ്പോൾ ഭരണകക്ഷിയായ ബിജെപിയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസും തികഞ്ഞ ആത്മവിശ്വാസത്തിൽ. തങ്ങൾക്ക് എതിരാളികളില്ലെന്നും ഇത്തവണ സീറ്റുകൾ 140 കടക്കുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് ബിജെപി. ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്നും 125 സീറ്റിലേറെ നേടി അധികാരത്തിലെത്തുമെന്നുമാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ആകെ 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിനു 92 സീറ്റാണു വേണ്ടത്. 2017ൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.

ഗുജറാത്ത് പിസിസി പ്രസിഡന്റ് ജഗദീഷ് ഠാക്കൂറും സംസ്ഥാന ബിജെപി വക്താവ് യമൽ വ്യാസും ‘മനോരമ’യോടു സംസാരിക്കുന്നു.

∙ മാറ്റം ആഗ്രഹിക്കുന്നവർ കോൺഗ്രസിനൊപ്പം: ജഗദീഷ് ഠാക്കൂർ

എന്താണു കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ രഹസ്യം?

ദരിദ്രർ, കർഷകർ, തൊഴിലില്ലാത്തവർ, സ്ത്രീകൾ എന്നിവരുടെ ആശീർവാദം പാർട്ടിക്കൊപ്പമുണ്ട്. ബിജെപി ഭരണം അവരുടെ ജീവിതം അവതാളത്തിലാക്കിയിരിക്കുന്നു. അവർ മാറ്റം ആഗ്രഹിക്കുന്നു.

ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം ?

ആം ആദ്മി പാർട്ടി ബിജെപിയുടെ മറ്റൊരു രൂപമാണ്. അവർ യഥാർഥ വിഷയങ്ങളെക്കുറിച്ചു പറയുന്നില്ല. ബിജെപിക്കു വേണ്ടി കളമൊരുക്കാനിറങ്ങുന്ന കൂട്ടർ. ഗുജറാത്തിലെ ജനങ്ങൾ അതു തിരിച്ചറിയും.

പാർട്ടി വിട്ടു പോകുന്നവർ കോൺഗ്രസിന്റെ വിശ്വാസ്യതയെ ബാധിക്കുന്നില്ലേ?

ഒരിക്കലുമില്ല. അവസരവാദികളാണു മറുകണ്ടം ചാടുന്നത്. കോൺഗ്രസിനൊപ്പം നിൽക്കുന്ന പതിനായിരങ്ങളുണ്ട്. അവരുടെ പോരാട്ടവീര്യമാണ് ബിജെപിയുടെ അന്ത്യം കുറിക്കാനിരിക്കുന്നത്.

∙ ഭരണവിരുദ്ധവികാരം മറികടക്കും: യമൽ വ്യാസ്

27 വർഷം അധികാരത്തിലിരിക്കുമ്പോൾ ഭരണ വിരുദ്ധ വികാരം തീർച്ചയല്ലേ?

ഇല്ല എന്നു ഞങ്ങൾ കരുതുന്നില്ല. അതിനെ എങ്ങനെ മറികടക്കാമെന്ന് പാർട്ടി ചിന്തിച്ച് ഉചിതമായ തീരുമാനങ്ങളെടുത്തിട്ടുണ്ട്. ചില നേതാക്കൾക്കെതിരെയായിരുന്നു വികാരമുണ്ടായിരുന്നത്. അത്തരം സ്ഥലങ്ങളിൽ പുതിയ സ്ഥാനാർഥികളെ നിർത്തി ജനവിശ്വാസമാർജിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആം ആദ്മി പാർട്ടി വെല്ലുവിളിയാവുന്നില്ലേ?

ആം ആദ്മി പാർട്ടി ഗുജറാത്തിലൊരു വിഷയമേ അല്ല. ഗുജറാത്തിൽ 51,000 ബൂത്തുകളുണ്ട്. എന്നാൽ 51,000 ആം ആദ്മി പാർട്ടി പ്രവർത്തകരെ നിങ്ങൾക്കു കാണാനാവില്ല.

എന്താണ് ബിജെപിക്ക് വോട്ടർമാരോട് പറയാനുള്ളത്?

ഗുജറാത്തിന്റെ വികസനമുണ്ടായത് ബിജെപിയിലൂടെയാണ്. അതു കൂടുതൽ തലങ്ങളിലേക്കു വ്യാപിപ്പിക്കാൻ ബിജെപിക്കേ കഴിയൂ. മികച്ച റോഡുകളും അടിസ്ഥാന സൗകര്യങ്ങളും എല്ലാ തലങ്ങളിലേക്കുമെത്തിക്കാനാണു ഞങ്ങൾ അവസരം തേടുന്നത്.

English Summary: Gujarat poll; last phase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com