ജനറൽ റാവത്തിന്റെ ഓർമയ്ക്കായി പൂന്തോട്ടമൊരുക്കി നഞ്ചപ്പസത്രം
Mail This Article
കൂനൂർ∙ ആ ദുരന്തദിനത്തിന്റെ ഓർമകൾ മായ്ക്കാൻ നഞ്ചപ്പസത്രത്തിലെ ഗ്രാമീണർ അവിടെ ഒരു പൂങ്കാവനമൊരുക്കും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും സൈനികോദ്യോഗസ്ഥരും അവിടെ വാടാത്ത പൂക്കളാകും.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ ഊട്ടിക്കു സമീപമുള്ള കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഓർമകൾക്ക് ഒരാണ്ട് തികയുമ്പോൾ റാവത്തിന്റെ ഓർമയ്ക്കായി നാട്ടുകാർ പൂന്തോട്ടം ഒരുക്കുകയാണ്. മരിച്ച 14 പേരുടെയും ചിത്രങ്ങളും അവർ സ്ഥാപിക്കും.
തേയിലക്കൊളുന്ത് നുള്ളിയെടുത്തു കിട്ടുന്നതിൽ നിന്നു മിച്ചം പിടിച്ച 200 രൂപ വീതം ഓരോ വീട്ടുകാരും എടുത്താണു ചിത്രങ്ങൾ സ്ഥാപിക്കുന്നത്. നഞ്ചപ്പസത്രത്തിന്റെ പേര് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഗ്രാമമെന്നാക്കണമെന്നും ഹെലികോപ്റ്റർ തകർന്നു വീണിടത്തു സ്മാരകം നിർമിക്കണമെന്നും ആവശ്യപ്പെട്ടു ഗ്രാമവാസികൾ കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി.
കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് രാവിലെ 11.47 ന് കോയമ്പത്തൂർ സുലൂർ എയർബേസിൽനിന്നു വെല്ലിങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവർ പുറപ്പെട്ട ഹെലികോപ്റ്ററാണ് കൂനൂരിനു സമീപം കാട്ടേരി നഞ്ചപ്പസത്രം ഗ്രാമത്തിനരികെ തകർന്നു വീണത്.
ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ സൈന്യം ദത്തെടുത്തിരുന്നു. വൈദ്യപരിശോധനാ ക്യാംപ് ഉൾപ്പെടെയുള്ള സഹായപദ്ധതികൾ തുടരുകയാണ്.
English Summary: Memorial garden of Bipin Rawat at Coonoor