ADVERTISEMENT

ന്യൂഡൽഹി ∙ ഗുജറാത്ത്, ഹിമാചൽ, ഡൽഹി കോർപറേഷൻ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാർ ആരെയും മുഷിപ്പിച്ചില്ല. മത്സരിച്ച 3 കക്ഷികൾക്കും ഓരോ വിജയം അവർ നൽകി. എന്നാൽ, വോട്ടർമാരുടെ തുല്യനീതിബോധമല്ല യഥാർഥത്തിൽ 3 പാർട്ടികളുടെയും ഓരോ വിജയത്തിനു പിന്നിൽ. മറിച്ച്, ശക്തവും ദിശാബോധമുള്ളതും ജനക്ഷേമം അറിഞ്ഞു പ്രവർത്തിക്കുന്നതുമായ നേതൃത്വമാണു വിജയം കൊണ്ടുവന്നത്. ഗുജറാത്തിൽ ബിജെപിക്കും ഡൽഹിയിൽ ആം ആദ്മിക്കും അതുണ്ടായിരുന്നു. ഹിമാചലിലാവട്ടെ അതു കൈവിട്ടതാണു ബിജെപിക്കു തിരിച്ചടിയായത്. അതിന്റെ നേട്ടം മുതലെടുക്കാൻ കോൺഗ്രസിനു സാധിച്ചുവെന്നു മാത്രം.

മൂന്നിടത്തും ബിജെപി ആയിരുന്നു ഭരണകക്ഷി. ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 31 റാലികളിലാണു പ്രസംഗിച്ചത്. വികസനത്തിൽ ഊന്നിയുള്ള കേന്ദ്ര ഭരണവും അതിൽ നിന്നു ഗുജറാത്തിന് ഉണ്ടായ നേട്ടങ്ങളും ഇനി വരാനുള്ള നേട്ടങ്ങളുമായിരുന്നു മോദിയുടെ പ്രസംഗങ്ങളിലെ ഊന്നൽ. കോൺഗ്രസിന്റെ ഭരണകാലത്ത് ഇതൊന്നുമില്ലായിരുന്നുവെന്ന പല്ലവിയും അദ്ദേഹം ആവർത്തിച്ചു.

ദിശാബോധമില്ലാത്ത പ്രചാരണം ആയിരുന്നു കോൺഗ്രസ് ഗുജറാത്തിൽ കാഴ്ചവച്ചത്. ഗുജറാത്തിൽ ബിജെപിയോട് പൊരുതാനുള്ള റോൾ ആം ആദ്മി പാർട്ടിക്ക് വിട്ടുകൊടുത്തപോലെയായിരുന്നു കോൺഗ്രസ്. ഹിമാചലിലാകട്ടെ ബിജെപിക്കാണു ദിശാബോധം നഷ്ടമായത്. ഹിമാചലിൽ കോൺഗ്രസ് വിജയത്തെക്കാൾ ബിജെപിയുടെ പരാജയമാണു സംഭവിച്ചത്. പ്രിയങ്കഗാന്ധി പ്രചാരണത്തിനെത്തിയെങ്കിലും ആപ്പിളും അഗ്നിപഥും പെൻഷനുമാണു ബിജെപിയെ ഹിമാചലിൽ കുടുക്കിയത്.

അദാനി ഗ്രൂപ്പിന്റെ ആഗമനത്തോടെ ആപ്പിളിന് വില കുറഞ്ഞപ്പോൾ പ്രശ്നത്തിലായ കർഷകരെ സഹായിക്കാതെ കൈയും കെട്ടിനിന്നതും സർക്കാർ ജീവനക്കാരുടെ പരമ്പരാഗത പെൻഷൻ നിർത്തിയതും ഭരണകക്ഷിക്ക് വിനയായി. ഇതുരണ്ടും പഴയപടിയാക്കാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തു. ഒപ്പം സൈനിക റിക്രൂട്ട്മെന്റിൽ കുറച്ചുപേർക്കു മാത്രം സ്ഥിരജോലിയും പെൻഷനും നൽകുന്ന അഗ്നിപഥ് രീതി കൊണ്ടുവന്നത് സൈന്യത്തിന്റെ പ്രധാന റിക്രൂട്ടിങ് പ്രദേശങ്ങളിൽ ഒന്നായ ഹിമാചലിൽ ബിജെപി വിരുദ്ധവികാരം ഉയർത്തി. 

സ്വന്തം സംസ്ഥാനമായ ഹിമാചലിലെ പരാജയം പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കു തിരിച്ചടിയാണ്. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും വിമത ശബ്ദങ്ങൾ നിയന്ത്രിക്കാനും അദ്ദേഹത്തിനു സാധിച്ചില്ല. ജനക്ഷേമ വികസനത്തിൽ ഊന്നുന്ന ഭരണം വാഗ്ദാനം ചെയ്താണ് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പാലിറ്റിയിൽ പ്രചാരണത്തിനിറങ്ങിയത്. മികച്ച സ്കൂളുകൾ, ആശുപത്രികൾ തുടങ്ങി ആം ആദ്മി ഭരിക്കുന്ന ഡൽഹി സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ജനക്ഷേമ സംവിധാനങ്ങൾ മുനിസിപ്പാലിറ്റി സ്ഥാപനങ്ങളിലും നടപ്പാക്കുമെന്നായിരുന്നു വാഗ്ദാനം.

English Summary: Gujarat, Himachal Pradesh and Delhi corporation election analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com