ഹിമാചലിൽ കസേരകളി; തീരുമാനം ഖർഗെയ്ക്കു വിട്ടു, 2 ഉപമുഖ്യമന്ത്രിമാർ പരിഗണനയിൽ
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസ് നേതാക്കൾക്കിടയിൽ പോര് മുറുകി. ഇതോടെ തീരുമാനം പാർട്ടി പ്രസിഡന്റിനു വിട്ടു. മുൻമുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയും പിസിസി പ്രസിഡന്റുമായ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അവരുടെ അനുയായികൾ പാർട്ടി നിരീക്ഷകനായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വാഹനം തടഞ്ഞു.
പ്രതിഭയ്ക്കു പുറമേ പാർട്ടി പ്രചാരണ സമിതി അധ്യക്ഷനും മുൻ പിസിസി പ്രസിഡന്റുമായ സുഖ്‌വിന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, രാജേന്ദ്ര റാണ എന്നിവരാണ് രംഗത്തുള്ളത്. മുൻ പിസിസി പ്രസിഡന്റ് കുൽദീപ് സിങ് രാത്തോഡിനും മോഹമുണ്ട്. സുഖുവിനാണു മുൻതൂക്കം. അട്ടിമറി നീക്കത്തിലൂടെ സർക്കാരുണ്ടാക്കാൻ നിലവിൽ ബിജെപിയുടെ ഭാഗത്തു നിന്ന് പരസ്യ നീക്കങ്ങളില്ല. സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കോൺഗ്രസ് നേതാക്കൾ ഇന്നലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ടു.
ഷിംലയിൽ നിയമസഭാ കക്ഷി യോഗത്തിനു മുൻപ് പിസിസി ഓഫിസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. വൈകിട്ട് ചേർന്ന യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. അധികാരപ്പോര് പരിഹരിക്കാൻ 2 ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. പ്രതിഭയെ അനുനയിപ്പിക്കാൻ മകൻ വിക്രമാദിത്യ സിങ്ങിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും.
ഹിമാചലിൽ പ്രബല വിഭാഗമായ ഠാക്കുർ സമുദായത്തിൽ നിന്നുള്ളവരാണ് ഏറ്റവുമധികം തവണ മുഖ്യമന്ത്രിമാരായിട്ടുള്ളത്. ആ രീതി തുടർന്നാൽ സുഖു, പ്രതിഭ എന്നിവരിലൊരാൾക്കു നറുക്കുവീഴാം. അഗ്നിഹോത്രി ബ്രാഹ്മണനാണ്. ലോക്സഭാംഗമായ പ്രതിഭയെ മുഖ്യമന്ത്രിയാക്കിയാൽ അവർ ഒഴിയുന്ന സീറ്റിലേക്കും അവരെ നിയമസഭയിലേക്കു ജയിപ്പിക്കാനുമായി 2 ഉപതിരഞ്ഞെടുപ്പുകൾ കോൺഗ്രസിനു നേരിടേണ്ടി വരും. നിലവിലെ എംഎൽഎമാർക്കിടയിൽ നിന്നുള്ളയാൾ മുഖ്യമന്ത്രിയാകണമെന്ന വാദത്തോടാണ് ഹൈക്കമാൻഡിനു യോജിപ്പ്.
ഗുജറാത്ത്: ബിജെപി നിരീക്ഷകരായി
ന്യൂഡൽഹി ∙ ഗുജറാത്തിൽ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ബിജെപിയുടെ കേന്ദ്ര നിരീക്ഷകരായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, കേന്ദ്രമന്ത്രി അർജുൻ മുണ്ട എന്നിവരെ ദേശീയ നേതൃത്വം നിയോഗിച്ചു. മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു. പുതിയ മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിനും മറ്റും സംസ്ഥാന ബിജെപി വൈകാതെ യോഗം ചേരും.
English Summary: Congress high command to decide on Himachal Pradesh chief minister