ലഖിംപുർ കൂട്ടക്കൊല കേസിൽ സുപ്രീം കോടതി: പ്രതിയെ അനന്തമായി ജയിലിലിടുന്നത് ശരിയോ?
Mail This Article
ന്യൂഡൽഹി ∙ ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാക്കാൻ വേണ്ട സമയം കൃത്യമായി അറിയിക്കാൻ സുപ്രീം കോടതി വിചാരണക്കോടതിയോട് നിർദേശിച്ചു. കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയെ എത്രകാലം ജയിലിലിടാൻ കഴിയുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു.
അനന്തമായി ഇയാളെ ജയിലിലിടാൻ കഴിയുമോയെന്നും ജഡ്ജിമാരായ സൂര്യകാന്ത്, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ച് ചോദിച്ചു. ജാമ്യാപേക്ഷ തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ആശിഷ് മിശ്ര സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മറ്റു കേസുകളെ ബാധിക്കാതെ, സാധാരണ നിലയിൽ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണ്ടിവരുമെന്നു വ്യക്തമാക്കാനാണ് അഡീഷനൽ സെഷൻസ് കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
സംഭവസ്ഥലത്തു ആശിഷ് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മുകുൾ റോഹത്ഗി ചൂണ്ടിക്കാട്ടി. എന്നാൽ, ജാമ്യം നൽകുന്നതിനെ സർക്കാരും സംഭവത്തിൽ ഇരകളായവരുടെ അഭിഭാഷകരും എതിർത്തു. കേസിന്റെ ഗൗരവം കണക്കിലെടുക്കണമെന്നും പ്രതിയെ ഈ ഘട്ടത്തിൽ മോചിപ്പിക്കുന്നതു സാക്ഷികളുടെ സ്ഥിതി അപകടത്തിലാക്കുമെന്നും ഇരകൾക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ വാദിച്ചു. മിശ്രയുടെ കാർ ഡ്രൈവറെ ഉൾപ്പെടെ കർഷകർ ആക്രമിച്ച കേസിന്റെ അന്വേഷണം സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് നൽകാനും കോടതി യുപി പൊലീസിനോടു നിർദേശിച്ചു.
English Summary: Supreme Court on Lakhimpur Kheri