ഭീഷണിപ്പെടുത്തി പണംതട്ടൽ: പഞ്ചാബ് ഭക്ഷ്യമന്ത്രി രാജിവച്ചു; അഴിമതിയുടെ പേരിൽ രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രി
Mail This Article
ന്യൂഡൽഹി ∙ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിലുൾപ്പെട്ട പഞ്ചാബ് ഭക്ഷ്യ സംസ്കരണ മന്ത്രി ഫൗജ സിങ് സരാരി രാജിവച്ചു. കോൺട്രാക്ടർമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതിനെക്കുറിച്ച് സരാരിയും അടുത്ത അനുനായിയും തമ്മിൽ നടത്തിയ സംഭാഷണം പുറത്തുവന്നിരുന്നു. പട്യാല റൂറൽ എംഎൽഎ: ബൽബീർ സിങ് പകരം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശബ്ദം തന്റേതല്ലെന്നും കുടുക്കാൻ ആരോ ചെയ്തതാണെന്നുമായിരുന്നു സരാരിയുടെ നിലപാട്.
ആം ആദ്മി പാർട്ടിയുടെ നിർദേശം കൂടി കണക്കിലെടുത്താണ് സരാരി രാജിക്കു തയാറായത്. റിട്ട. പൊലീസ് ഇൻസ്പെക്ടറായ ഇദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. അഴിമതിയുടെ പേരിൽ ആം ആദ്മി മന്ത്രിസഭയിൽ നിന്ന് രാജിവച്ച രണ്ടാമത്തെയാളാണു സരാരി.
സർക്കാർ പദ്ധതികൾ അനുവദിക്കാൻ ഒരു ശതമാനം തുക കൈക്കൂലി ആവശ്യപ്പെട്ട ആരോഗ്യ മന്ത്രി വിജയ് സിംഗ്ലയെ കഴിഞ്ഞ മേയിൽ മുഖ്യമന്ത്രി മാൻ പുറത്താക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ മന്ത്രിയായി തുടരുന്നത് ആം ആദ്മിയുടെ അഴിമതി വിരുദ്ധ നിലപാടിന്റെ പൊള്ളത്തരമാണു വ്യക്തമാക്കുന്നതെന്ന് ബിജെപിയും കോൺഗ്രസും ആരോപിക്കുന്നു.
English Summary: Punjab minister Fauja Singh Sarari quits months after graft allegations