പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാർ: പ്രധാനമന്ത്രി മോദി
Mail This Article
ന്യൂഡൽഹി ∙ പ്രവാസി ഭാരതീയർ അതതു രാജ്യങ്ങളുടെ വികസനത്തിൽ വഹിച്ച പങ്ക് ഇന്ത്യൻ സർവകലാശാലകൾ രേഖപ്പെടുത്തി ഭാവി തലമുറകൾക്ക് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി ഭാരതീയർ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണ്. സ്വാതന്ത്ര്യത്തിന്റെ വരാനിരിക്കുന്ന 25 വർഷത്തെ അമൃതകാലത്തിൽ അവർക്കു മുഖ്യ പങ്കു വഹിക്കാനുണ്ട്. വരും തലമുറയിലെ യുവ പ്രവാസികളും മാതാപിതാക്കളുടെ രാജ്യത്തെക്കുറിച്ചറിയാൻ തൽപരരായിരിക്കും – മോദി പറഞ്ഞു.
ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി, സുരിനാം പ്രസിഡന്റ് ചന്ദ്രിക പ്രസാദ് സന്തോഖി എന്നിവർ മുഖ്യാതിഥികളായിരുന്നു. കോവിഡ് വാക്സീനുകളും മറ്റും വിവിധ രാജ്യങ്ങൾക്കു നൽകിയ ഇന്ത്യയുടെ നിലപാടിനെ ഇർഫാൻ അലി പ്രശംസിച്ചു. ഇർഫാൻ അലിയുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചയും നടത്തി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, സഹമന്ത്രി വി.മുരളീധരൻ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യപ്രഭാഷണം നടത്തും.
ഉണക്കപ്പുല്ലിന് പച്ചനിറമടിച്ചു
ഇൻഡോറിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുൻപായി ഉണക്കപ്പുല്ലിനു പച്ച നിറമടിക്കുന്ന വിഡിയോ കോൺഗ്രസ് പുറത്തു വിട്ടു. ഇതുപോലുള്ള തട്ടിപ്പുകളാണ് എല്ലായിടത്തും നടക്കുന്നതെന്നും പാർട്ടി ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി.വി.ശ്രീനിവാസാണ് വിഡിയോ പുറത്തു വിട്ടത്. രാജ്യത്ത് എന്തു നല്ലതു നടന്നാലും അതിൽ കുറ്റം കണ്ടെത്താനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് നരേന്ദർ സലൂജ പറഞ്ഞു.
Content Highlight: Pravasi Bharatiya Divas