ശരദ് യാദവിന് അന്ത്യാഞ്ജലി: സംസ്കാരം മധ്യപ്രദേശിലെ ജന്മഗ്രാമത്തിൽ നാളെ
Mail This Article
ന്യൂഡൽഹി ∙ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവിന് (75) രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, ബിഹാർ മുൻ മുഖ്യമന്ത്രി റാബറി ദേവി തുടങ്ങിയവർ ഡൽഹി ചത്തർപുരിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ് എന്നിവർ അനുശോചിച്ചു. ബിഹാർ സർക്കാർ ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശരദ് യാദവ് വ്യാഴാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. സംസ്കാരം മധ്യപ്രദേശിലെ ഷോഷംഗബാദ് ജില്ലയിലെ ജന്മഗ്രാമമായ ബാബായിൽ നാളെ നടക്കും. ഭാര്യ: ഡോ.രേഖ യാദവ്. മക്കൾ: സുഭാഷിണി, ശന്തനു.
ശരദ് യാദവ് മുതിർന്ന സഹോദരനെപ്പോലെ ആയിരുന്നുവെന്നും രാഷ്ട്രീയമായി ഏറ്റുമുട്ടിയപ്പോഴും ശത്രുത ഉണ്ടായിരുന്നില്ലെന്നും ലാലു പ്രസാദ് യാദവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. പഞ്ചാബിൽ ഭാരത് ജോഡോ യാത്രയിൽ ആയിരുന്ന രാഹുൽ ഗാന്ധി, യാത്ര നിർത്തിവച്ചാണ് ഡൽഹിയിലെത്തിയത്. ശരദ് യാദവിന്റെ നിര്യാണം കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയവരും അനുശോചിച്ചു.
English Summary : Tribute to Sharad Yadav