ADVERTISEMENT

ബെംഗളൂരു∙ പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് കരസേനയിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മാറ്റങ്ങൾ നടപ്പാക്കുകയാണെന്നു സേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. 75–ാമത് കരസേനാ ദിന പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലാദ്യമായാണ് ഇതു ഡൽഹിക്കു പുറത്തു സംഘടിപ്പിക്കുന്നത്. ബ്രിട്ടിഷ് ജനറൽ ഫ്രാൻസിസ് റോയ് ബുച്ചറിൽനിന്ന് ഫീൽഡ് മാർഷൽ കെ.എം.കരിയപ്പ നേതൃത്വം ഏറ്റെടുത്തതിന്റെ സ്മരണ പുതുക്കുന്ന ദിവസം കൂടിയാണ് ജനുവരി 15.

ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ സേനാ വിഭാഗങ്ങളെ സംയോജിത യുദ്ധസജ്ജ ഗ്രൂപ്പുകളാക്കി മാറ്റുകയാണു പദ്ധതിയെന്നു മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് ആൻഡ് സെന്റർ (എംഇജി അഥവാ മദ്രാസ് സാപ്പേഴ്സ്) പരേഡ് ഗ്രൗണ്ടിൽ സല്യൂട്ട് സ്വീകരിച്ച് ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. പഴയ യൂണിറ്റുകൾ പിരിച്ചുവിടുകയോ, ഉചിതമായ മാറ്റങ്ങളിലൂടെ പുതിയ രൂപം നൽകുകയോ ചെയ്യും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ തദ്ദേശ നിർമിത ആയുധങ്ങൾ ഉപയോഗിച്ച് ഭാവിയുദ്ധങ്ങളെ സേന നേരിടും. വനിതാ അഗ്നിവീറുകൾക്കുള്ള പരിശീലനം മാർച്ചിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എംഇജി, ബോംബെ സാപ്പേഴ്സ്, ആർട്ടിലറി, മഹർ, പാരഷൂട്ട്, മദ്രാസ് റജിമെന്റുകൾ, അശ്വസേന തുടങ്ങിയവയാണു പരേഡിൽ മാർച്ച് ചെയ്തത്. സേനയുടെ ഭാഗമായ ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളും സുഖോയ് യുദ്ധവിമാനവും ഡ്രോണുകളും പ്രദർശനം നടത്തി. ആർമി സർവീസ് കോർ ടൊർണാഡോ ടീമിന്റെ മോട്ടർ സൈക്കിൾ അഭ്യാസം, പാരാട്രൂപ്പർമാരുടെ അഭ്യാസം, വിവിധ ആയുധങ്ങളുടെ പ്രദർശനം തുടങ്ങിയവയുമുണ്ടായിരുന്നു. ശൗര്യചക്ര, സേനാ പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.

 

 

English Summary: General Pande on Army day event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com