ഗുജറാത്ത് മോഡൽ നടപ്പാക്കാനുള്ള ഒരുക്കവുമായി ബിജെപി
Mail This Article
ന്യൂഡൽഹി ∙ വരാനിരിക്കുന്ന 9 സംസ്ഥാന തിരഞ്ഞെടുപ്പുകളിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും ഗുജറാത്ത് മോഡൽ വിജയം ആവർത്തിക്കാനുള്ള ആഹ്വാനവുമായി ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനു തുടക്കമായി. ഇന്നു സമാപനദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും.
മോദി സർക്കാരിനെതിരെ പ്രതിപക്ഷം തരംതാണ നിലവാരത്തിലാണ് ആരോപണമുന്നയിക്കുന്നതെന്നു രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി. പെഗസസ്, റഫാൽ, ഇഡിക്ക് കൂടുതൽ അധികാരം, സെൻട്രൽ വിസ്റ്റ പദ്ധതി, നോട്ട് നിരോധനം എന്നിവയിൽ പ്രതിപക്ഷ ആരോപണങ്ങൾ സുപ്രീം കോടതി തന്നെ തള്ളിക്കളഞ്ഞതായി രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞു. നിയമമന്ത്രി കിരൺ റിജിജുവാണ് പ്രമേയം അവതരിപ്പിച്ചത്. ഹിമാചലിൽ ഭരണത്തുടർച്ചയ്ക്കുള്ള ശ്രമത്തിൽ വിജയിക്കാനായില്ലെന്നു ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ സമ്മതിച്ചു. 5 വർഷം കൂടുമ്പോൾ ഭരണമാറ്റമെന്ന പാരമ്പര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
കേരളത്തിൽ നിന്ന് ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി, മന്ത്രി വി.മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംസ്ഥാന ഭാരവാഹികളായ എം.ഗണേശ്, കെ.സുഭാഷ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ യോഗം തുടങ്ങുന്നതിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി നഗരത്തിൽ ഒരു കിലോമീറ്ററോളം റോഡ് ഷോ നടത്തി. ഡൽഹി ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ മോദിയെ അഭിവാദ്യം ചെയ്യാൻ ഒരുക്കിയിരുന്നു. രാമക്ഷേത്രം, കാശി ധാം പുനരുദ്ധാരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി യോഗസ്ഥലത്ത് സംഘടിപ്പിച്ച പ്രദർശനം ജെ.പി.നഡ്ഡ ഉദ്ഘാടനം ചെയ്തു.
ബൂത്തുതല പ്രവർത്തനം കൂടുതൽ സജീവമാക്കും
ബിജെപിയുടെ ബൂത്തു തല പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. 72,000 ദുർബല ബൂത്തുകളിൽ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശം വിജയകരമായെന്നും 1.30 ലക്ഷം ബൂത്തുകളിൽ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിഞ്ഞുവെന്നും പാർട്ടി നേതാവ് രവിശങ്കർ പ്രസാദ് അറിയിച്ചു. ത്രിപുര, നാഗാലാൻഡ്, മേഘാലയ, കർണാടക എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംസ്ഥാന നേതൃത്വം യോഗത്തിൽ വിശദീകരിച്ചു.
English Summary : BJP to implement gujarat model win in upcoming assembly elections in 9 states