ADVERTISEMENT

ന്യൂഡൽഹി ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി (എഐ) ബന്ധപ്പെട്ട 3 മികവേറിയ പഠന, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ബജറ്റ് പ്രഖ്യാപിച്ചു. പുതിയ കാലത്തെ  ജോലിസാധ്യതകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തായിരിക്കുമെന്നു മുന്നിൽക്കണ്ടാണു നീക്കം. കൂടാതെ കോഡിങ്, റോബട്ടിക്സ്, മെക്കട്രോണിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ത്രീഡി പ്രിന്റിങ്, ഡ്രോൺ ടെക്നോളജി, സോഫ്റ്റ് സ്കിൽസ് തുടങ്ങിയ മേഖലകളിൽ പുതിയ കോഴ്സുകൾ തയാറാക്കും. കൃഷി, ആരോഗ്യം, ഓട്ടമൊബീൽ, സൈബർ സുരക്ഷ, സ്മാർട്ട് ഹോം, ഡേറ്റ അനാലിസിസ്, ഓൺലൈൻ ഷോപ്പിങ്, മെഷീൻ ട്രാൻസ്‌ലേഷൻസ്, ഡിജിറ്റൽ പഴ്സനൽ അസിസ്റ്റൻസ് തുടങ്ങിയ രംഗത്തെ സാധ്യതകളും പരിഗണിക്കും. ഡിജിറ്റൽ പഠനംരംഗത്തിന് മികച്ച കരുത്ത് പകരുന്നതാണു പുതിയ പ്രഖ്യാപനങ്ങൾ.

വിദ്യാഭ്യാസ മേഖലയ്ക്കുള്ള വിഹിതത്തിൽ 8.27% വർധനയുണ്ട്. 1,12,899.47 കോടി രൂപയാണ് ഇക്കുറി വിദ്യാഭ്യാസ മേഖലയ്ക്കു വകയിരുത്തിയത്. കഴിഞ്ഞ വർഷമിത് 1.04 ലക്ഷം കോടി രൂപയായിരുന്നു. ഇത്തവണ സ്കൂൾ വിദ്യാഭ്യാസത്തിന് 68,804 കോടി രൂപയും (കഴിഞ്ഞ വർഷത്തെക്കാൾ 9752.07 കോടി രൂപയുടെ വർധന) ഉന്നത വിദ്യാഭ്യാസത്തിന് 44,094 കോടി രൂപയും (3265.65 കോടി രൂപയുടെ വർധന) വകയിരുത്തി. 

ഐഐഎം ധനവിഹിതത്തിൽ കുറവ്

ഐഐഎമ്മുകൾക്കുള്ള ധനസഹായം  653.92 കോടിയിൽ നിന്നു 300 കോടി രൂപയായി കുറച്ചു. സ്കീം ഫോർ പ്രമോഷൻ ഓഫ് അക്കാദമിക് ആൻഡ് റിസർച്ച് കൊളാബറേഷന്റെ (എസ്പിഎആർസി) വിഹിതം 74 കോടിയിൽ നിന്നു 50 കോടിയാക്കി. ഇംപ്രിന്റ് റിസർച് പദ്ധതിക്കുള്ള വിഹിതം 10 കോടിയിൽ നിന്ന് 5 കോടിയായി കുറച്ചു. 

ജമ്മു കശ്മീർ വിദ്യാർഥികൾക്കുള്ള പ്രത്യേക സ്കോളർഷിപ് തുക പൂർണമായി ഒഴിവാക്കി. കഴിഞ്ഞ വർഷം 225 കോടി രൂപയാണ് ഇതിന് അനുവദിച്ചിരുന്നത്. പിഎം–‌യുഎസ്പി യോജന എന്ന പൊതു സ്കോളർഷിപ് പദ്ധതിയുടെ കീഴിൽ ഇവരും വരുന്നെന്നാണ് വിശദീകരണം.

തൊഴിലവസരങ്ങളേറെ

∙ 47 ലക്ഷം യുവാക്കൾക്കു 3 വർഷം സ്റ്റൈപൻഡോടു കൂടി തൊഴിൽ പരിശീലനം. ഇതിനു വേണ്ടി നാഷനൽ അപ്രന്റിസ്ഷിപ് പ്രമോഷൻ സ്കീം നടപ്പാക്കും.

∙ 740 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ ഭാഗമായി 38,800 അധ്യാപകരെയും അനധ്യാപകരെയും കേന്ദ്രസർക്കാർ റിക്രൂട്ട് ചെയ്യും. ഗോത്രമേഖലയിൽ നിന്നുൾപ്പെടെ ചെറുപ്പക്കാർക്കു ഗുണകരം. 

∙ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷനൽ സെന്ററുകൾ രൂപീകരിക്കും.

∙ സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിക്കും. നൈപുണ്യ പരിശീലനം, തൊഴിൽദാതാക്കളെയും വിദ്യാർഥികളെയും തമ്മിൽ ബന്ധിപ്പിക്കൽ, പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്കു സഹായം ലഭ്യമാക്കൽ എന്നിവയെല്ലാം ഇതിലൂടെ ഏകോപിപ്പിക്കും. 

മറ്റു പ്രഖ്യാപനങ്ങൾ

∙ കൃഷി, ആരോഗ്യം, സുസ്ഥിര നഗരം എന്നിവയിൽ മൾട്ടിഡിസിപ്ലിനറി ഗവേഷണം സാധ്യമാകുന്ന സെന്റർ ഓഫ് എക്സലൻസുകൾ. 

∙ 5ജി സാങ്കേതികവിദ്യയിലെ വികസനത്തിന് 100 ലാബുകൾ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സ്ഥാപിക്കും. 

∙ ഐഐടി, എൻഐടി തുടങ്ങിയ വിശിഷ്ട സ്ഥാപനങ്ങളിൽ മാത്രം നിലവിൽ ലഭ്യമായ പുതുതലമുറ എൻജിനീയറിങ് കോഴ്സുകൾ വ്യാപിപ്പിക്കും. 

∙ വിവിധ കേന്ദ്ര സർവകലാശാലകൾ, ഐഐടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ, യുജിസി എന്നിവയ്ക്കുള്ള ധനവിഹിതം കൂട്ടി. ഐഐടികൾക്കു കഴിഞ്ഞ വർഷത്തെക്കാൾ 1166.5 കോടി രൂപ അധികമായി അനുവദിച്ചു.

∙ സ്കൂൾ നവീകരണത്തിനുള്ള പിഎം ശ്രീ പദ്ധതിക്കുള്ള വിഹിതം 1800 കോടിയിൽ നിന്ന് 4000 കോടി രൂപയായി കൂട്ടി. 

∙ അധ്യാപക പരിശീലനത്തിനു വേണ്ടി ജില്ലകളിലുള്ള ‘ഡയറ്റു’കളെ (ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്) മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കും.

കേരളത്തിനും ഗുണകരം

തിരുവനന്തപുരം ∙ പഞ്ചായത്തുകളിൽ ലൈബ്രറികൾ ഒരുക്കാൻ സഹായം നൽകുമെന്ന പ്രഖ്യാപനം കേരളത്തിനും പ്രയോജനപ്പെടും. എന്നാൽ, ലൈബ്രറികൾ ‘ഹൈടെക്’ ആക്കുന്നതിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം നൽകിയ ഫണ്ട് നേടുന്നതിൽ കേരളത്തിലെ ലൈബ്രറികൾ ഏറെ പിന്നാക്കമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ പതിനായിരത്തിൽപരം ലൈബ്രറികളിൽ കഴിഞ്ഞ 8 വർഷത്തിനിടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സഹായം തേടിയത് അറുനൂറോളം എണ്ണം മാത്രമാണ്. 2014 മുതൽ 2021 വരെ സംസ്ഥാനത്തെ പബ്ലിക് ലൈബ്രറികൾക്ക് കേന്ദ്ര സഹായമായി 5.94 കോടി രൂപയാണു ലഭിച്ചത്.

വായനയ്ക്ക് പ്രോത്സാഹനം : രാജ്യമാകെ ലൈബ്രറി 

ന്യൂഡൽഹി ∙ പുസ്തകങ്ങൾക്കും വായനയ്ക്കും പ്രോത്സാഹനം നൽകാനുള്ള ബജറ്റ് നിർദേശങ്ങൾ ശ്രദ്ധേയം. കുട്ടികൾക്കും മു‍തിർന്നവർക്കുമായുള്ള നാഷനൽ ഡിജിറ്റൽ ലൈബ്രറിയാണു മുഖ്യം. രാജ്യത്തെ വിവിധ ഭാഷകളിലുള്ള, പല മേഖലകളിൽ നിന്നുള്ള പുസ്തകങ്ങൾ ഡിജിറ്റൽ ലൈബ്രറിയിൽ സജ്ജീകരിക്കും. പഞ്ചായത്ത്, വാ‍ർഡ് തലങ്ങളിൽ ലൈബ്രറികളൊരുക്കാൻ സംസ്ഥാനങ്ങൾ പിന്തുണ നൽകണമെന്നും ഡിജിറ്റൽ ലൈബ്രറി സേവനം ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കണമെന്നും നിർദേശിക്കുന്നു. 

കോവിഡ്കാലത്തെ പഠനപ്രതിസന്ധി മറികടക്കാനും വായനാസംസ്കാരം ഊർജിതമാക്കാനും ശ്രമം നടത്തണമെന്നും ബജറ്റിൽ നിർദേശിക്കുന്നു. അക്കാദമികേതര പുസ്തകങ്ങൾ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഇംഗ്ലിഷിലും പ്രാദേശിക ഭാഷകളിലും ലൈബ്രറികളിൽ ലഭ്യമാക്കണം. നാഷനൽ ബുക്ക് ട്രസ്റ്റ്, ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് എന്നിവയുടേതടക്കമുള്ള പുസ്തകങ്ങൾ ഇത്തരത്തിൽ ലഭ്യമാക്കണം. ഒരു ലക്ഷം പുരാരേഖകൾ ഡിജിറ്റൈസ് ചെയ്യും. ഡിജിറ്റൽ എപിഗ്രഫി മ്യൂസിയത്തിൽ ഡിജിറ്റൈസ്ഡ് പുരാരേഖകളുടെ ഭാരത് കലവറ (ഭാരത് ശ്രീ) തുറക്കും.

യാത്രാവേഗത്തിന് പുതിയ 50 വിമാനത്താവളങ്ങൾ

∙ കൊൽക്കത്ത മെട്രോയ്ക്ക്  1,000 കോടി; കൊച്ചിക്ക് ഒന്നുമില്ല

ന്യൂഡൽഹി∙പുതിയ 50 വിമാനത്താവളങ്ങൾ, ജല എയ്റോഡ്രോം , ഹെലിപോർട്ട് എന്നിവയടക്കം ട്രാൻസ്പോർട്ട് മേഖലയിൽ സമഗ്രകുതിപ്പിനു വഴിയൊരുക്കുന്ന വിധത്തിൽ 100 പ്രമുഖ പദ്ധതികൾ നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.മെട്രോയ്ക്കും അതിവേഗ യാത്രാ സൗകര്യങ്ങൾക്കുമായി 19518 കോടി രൂപ നീക്കിവച്ചു. ഡൽഹി–മീററ്റ് അർധാതിവേഗ പാതയുൾപ്പെടെയാണിത്. കൊൽക്കത്ത മെട്രോയ്ക്ക് 1000 കോടി അനുവദിച്ചപ്പോൾ കൊച്ചി മെട്രോയെക്കുറിച്ചു പരാമർശമില്ല.

ആംബുലൻസുകളടക്കം പഴയ സർക്കാർ വാഹനങ്ങൾ പൂർണമായി ഒഴിവാക്കും. ഈ വർഷം ഏപ്രിൽ 1 മുതൽ ഇതാരംഭിക്കും. സംസ്ഥാനങ്ങൾക്കു നൽകുന്ന പലിശയില്ലാത്ത 50 വർഷത്തെ വായ്പയിൽ ഒരു ഭാഗം ഇതിനായി നീക്കിവയ്ക്കും. റെയിൽ, റോഡ്, ജലഗതാഗത മാർഗങ്ങൾ വികസിപ്പിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ തീരദേശ ചെറു കപ്പൽ ഗതാഗത സംവിധാനം നടപ്പാക്കും. സംയുക്തപദ്ധതികൾ ആവിഷ്കരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും.

English Summary : education, job proposals in union budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com