ത്രിപുര: കല്ലുകടി ഒഴിവായി, സിപിഎം– കോൺഗ്രസ് സഖ്യം ഒറ്റക്കെട്ട്
Mail This Article
കൊൽക്കത്ത ∙ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസും പരസ്പരം നിർത്തിയിരുന്ന സ്ഥാനാർഥികളെ പിൻവലിച്ചു. തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി ഇരുപാർട്ടികളും നേരിടും. സിപിഎം 43 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും മത്സരിക്കും.
അതേസമയം ഇടത് -കോൺഗ്രസ് സഖ്യവുമായുള്ള ചർച്ചയിൽ തീരുമാനമാകാത്തതിനെത്തുടർന്ന് ഒറ്റയ്ക്കു മത്സരിക്കാൻ ടിപ്ര മോത പാർട്ടി തീരുമാനിച്ചു. 42 സ്ഥാനാർഥികളാണ് പാർട്ടിക്കുള്ളത്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിരാജിത് സിൻഹ എന്നിവർക്കെതിരെ ടിപ്ര മോത സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.
പത്രിക പിൻവലിക്കുന്ന അവസാനദിനം കഴിഞ്ഞതോടെ ചിത്രം തെളിഞ്ഞു. ബിജെപി 55 സീറ്റിലും സഖ്യകക്ഷി ഐപിഎഫ്ടി 6 സീറ്റിലും മത്സരിക്കും. ഒരു സീറ്റിൽ ബിജെപി സ്ഥാനാർഥിക്കെതിരേയാണ് ഐപിഎഫ്ടി മത്സരിക്കുന്നത്. സിപിഎം-കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവർ ഓരോ സീറ്റിൽ മത്സരിക്കും. ഒരു സീറ്റ് ഇടത് സ്വതന്ത്രനു നൽകി.
16ന് ആണ് 60 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ്. മാർച്ച് 2ന് ഫലം പ്രഖ്യാപിക്കും.
English Summary : CPM and Congress alliance in Tripura assembly election