ജാമിയ സംഘർഷം: പൊലീസിന് രൂക്ഷവിമർശനം; 11 പേരെ കോടതി കുറ്റവിമുക്തരാക്കി
Mail This Article
ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു 2019ൽ ജാമിയ മിലിയ സർവകലാശാലയിലുണ്ടായ സംഘർഷക്കേസിൽ വിദ്യാർഥി നേതാക്കളായ ഷർജീൽ ഇമാം, ആസിഫ് ഇക്ബാൽ താഹ എന്നിവരുൾപ്പെടെ 11 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ ഡൽഹി പൊലീസ് പരാജയപ്പെട്ടുവെന്നും പ്രതിചേർക്കപ്പെട്ടവരെ പൊലീസ് ബലിയാടാക്കുകയായിരുന്നെന്നും വ്യക്തമാക്കിയാണു സാകേത് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി അരുൾ വർമയുടെ ഉത്തരവ്. പ്രതിചേർക്കപ്പെട്ട മുഹമ്മദ് ഇല്യാസിനെതിരെ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു.
2019 ഡിസംബറിൽ ജാമിയ സർവകലാശാലയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഷർജീൽ ഇമാം, സഫൂറ സർഗാർ, ആസിഫ് ഇക്ബാൽ താഹ, മുഹമ്മദ് അബൂസർ, ഉമിർ അഹമ്മദ്, മുഹമ്മദ് ഷുഹൈബ്, മഹ്മൂദ് അൻവർ, മുഹമ്മദ് ക്വാസിം, മുഹമ്മദ് ബിലാൽ നദീം, ഷഹ്സർ റാസ ഖാൻ, ചന്ദാ യാദവ്, മുഹമ്മദ് ഇല്യാസ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിലാണു ഇല്യാസ് ഒഴികെയുള്ളവരെ വിട്ടയച്ചുകൊണ്ടുള്ള നടപടി. കേസിൽ ഡൽഹി പൊലീസിനെതിരെ അതിരൂക്ഷവിമർശനമാണു കോടതി നടത്തിയത്. അതേസമയം ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട ഷർജീൽ ഇമാമിനു ജയിൽമോചിതനാകാൻ സാധിക്കില്ല.
English Summary: Dissent an extension of fundamental rights: Delhi court