‘ഒരു വർഷത്തിനകം പകുതിയിലേറെ പേർ പുതിയ സ്കീമിലേക്ക് മാറും’
Mail This Article
ന്യൂഡൽഹി ∙ പുതിയ ആദായനികുതി സംവിധാനത്തിലേക്ക് ഒരു വർഷത്തിനുള്ളിൽ 50 ശതമാനത്തിലധികം നികുതിദായകരും മാറുമെന്നാണു സർക്കാരിന്റെ പ്രതീക്ഷയെന്ന് ധനസെക്രട്ടറി ടി.വി സോമനാഥൻ ‘മനോരമ’യോടു പറഞ്ഞു. 5 – 7 ലക്ഷം വരെ വരുമാനമുള്ളവരിൽ ഭൂരിഭാഗവും ഉടൻ മാറിയേക്കും. 7 ലക്ഷത്തിനു മുകളിലുള്ള വലിയൊരു വിഭാഗവും ഇതിലേക്കു മാറുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ആദായനികുതി സ്കീം വഴി എന്തു സന്ദേശമാണ് സർക്കാർ നൽകുന്നത്? സമ്പാദ്യം വർധിപ്പിക്കേണ്ട എന്നാണോ?
ഒരിക്കലുമല്ല. സമ്പാദ്യത്തിന് പഴയ സ്കീം ധാരാളം ഇളവുകൾ നൽകുന്നുണ്ടെന്നും പുതിയത് അത് നൽകുന്നില്ലെന്നും പൊതുവേ തോന്നലുണ്ട്. ഇതു ശരിയല്ല. പഴയ സ്കീം വായ്പ എടുക്കുന്നതിനും ഇളവ് നൽകുന്നുണ്ട്. സാമ്പത്തികശാസ്ത്രത്തിൽ വായ്പയെന്നത് സമ്പാദ്യത്തിന് വിരുദ്ധമാണല്ലോ.
ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കോ ചാർട്ടേഡ് അക്കൗണ്ടിന്റെ ഉപദേശമുള്ളവർക്കോ മാത്രമേ പഴയ സ്കീമിലെ ഓരോ ഇളവും പ്രയോജനപ്പെടുത്താനാകൂ. പലപ്പോഴും താഴേത്തട്ടിലുള്ളവർ അവർക്കു മുകളിലുള്ളവരേക്കാൾ നികുതി അടയ്ക്കേണ്ട അവസ്ഥയും വരുന്നുണ്ട്.വീടു വാങ്ങാൻ പണമുണ്ടായിട്ടും നികുതി ഇളവിനായി ഭവനവായ്പയെടുക്കുന്നവരെ എനിക്കറിയാം. ഇത്തരത്തിലുള്ള കാര്യങ്ങൾ പരമാവധി കുറയ്ക്കേണ്ടതുണ്ട്. സർക്കാർ 2 ഓപ്ഷനുകളും തുറന്നിടുകയാണ്. പുതിയ സ്കീമിലേക്ക് മാറണമെന്ന് ആരെയും നിർബന്ധിക്കുന്നില്ല. ബിസിനസ് വരുമാനമില്ലാത്ത ശമ്പളക്കാർക്കും മറ്റും എത്ര തവണ വേണമെങ്കിലും സ്കീമുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറാം.
50,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ പുതിയ സ്കീമിലും ഇപ്പോൾ അനുവദിക്കാനുള്ള കാരണം?
ശമ്പളക്കാർക്കും തൊഴിലുമായി ബന്ധപ്പെട്ട് ചില ചെലവുകളുണ്ടെന്നതാണ് സ്റ്റാൻഡേഡ് ഡിഡക്ഷന്റെ അടിസ്ഥാന ലോജിക്. ഉദാഹരണത്തിന് വർക് ഫ്രം ഹോം ചെയ്യുന്ന വ്യക്തിക്ക് കംപ്യൂട്ടർ അടക്കമുള്ള കാര്യങ്ങൾക്ക് ചെലവുണ്ട്.
ബിസിനസുകാരെ സംബന്ധിച്ച് ഇത്തരത്തിലുള്ള ഏത് ചെലവും ഡിഡക്റ്റ് ചെയ്യാനാകും. സാധാരണക്കാർക്ക് ഇത് പലപ്പോഴും ക്ലെയിം ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് പുതിയ സ്കീമിൽ സ്റ്റാൻഡേഡ് ഡിഡക്ഷൻ ഉൾപ്പെടുത്തിയത്.
പഴയ സ്കീമിനെന്തു സംഭവിക്കും? ഇളവുകളില്ലാത്ത സംവിധാനത്തിലേക്കാണോ ആത്യന്തികമായ പോക്ക്.
ഏതെങ്കിലുമൊരു സ്കീം നിർബന്ധമാക്കുകയെന്ന ഉദ്ദേശ്യമില്ല. ആളുകൾക്ക് തിരഞ്ഞെടുക്കാൻ അവസരം നൽകുക. ആകർഷണീയത ഒന്നിനെ സ്വീകാര്യമാക്കും. ആരെങ്കിലും നിലവിൽ അനുഭവിച്ചുപോരുന്ന ഇളവുകൾ എടുത്തുമാറ്റുകയെന്നതല്ല സർക്കാരിന്റെ ഉദ്ദേശ്യം. അതുകൊണ്ടാണ് പഴയ സ്കീം ഇപ്പോഴും തുടരുന്നത്.
തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം അടുത്ത വർഷം 30 ശതമാനത്തിലധികം കുറച്ചിട്ടുണ്ട്. എന്താണ് കാരണം?
തൊഴിൽപദ്ധതി എന്നതിനേക്കാൾ സുരക്ഷാവലയമാണത്. ഒരു ജോലിയും ലഭിക്കാത്തവർക്കുള്ള കൈത്താങ്ങ്. ഗ്രാമീണമേഖലകളിൽ സമാനമായി തൊഴിൽ സൃഷ്ടിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന, ജലജീവൻ മിഷൻ എന്നിവയ്ക്ക് ഇത്തവണ 40,000 കോടിയോളം രൂപയാണ് അധികമായി വകയിരുത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് സാമ്പത്തികപ്രശ്നങ്ങൾ മൂലം തൊഴിലുറപ്പു പദ്ധതിയുടെ ആവശ്യം (ഡിമാൻഡ്) വർധിച്ചിരുന്നു. സാമ്പത്തികരംഗം മെച്ചപ്പെട്ട സ്ഥിതിക്ക് അടുത്ത വർഷം ഈ ഡിമാൻഡ് കുറയുമെന്നാണ് കണക്കുകൂട്ടൽ. ഇനി ആവശ്യമുണ്ടായാൽ വിഹിതം ഉയർത്താനും പ്രയാസമില്ല.
‘കിഫ്ബി: വിമർശനത്തിൽ കഴമ്പില്ല’
കിഫ്ബിയുടെ കടമെടുപ്പിനെ സംസ്ഥാനത്തിന്റെ പൊതു കടമാക്കി പരിഗണിച്ച് കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നടപടിയെ കേരള ബജറ്റ് വിമർശിച്ചിട്ടുണ്ട്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഉപദേശമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഇതു കേരളത്തെ മാത്രം ഉദ്ദേശിച്ചുള്ളതല്ല.
ആത്യന്തികമായ തിരിച്ചടവ് സംസ്ഥാന സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്നോ നികുതിപ്പണത്തിൽ നിന്നോ ആണെങ്കിൽ അത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ തന്നെ വരും. സ്വന്തമായ വരുമാനത്തിൽ നിന്നൊരു ഒരു സ്ഥാപനം തിരിച്ചടയ്ക്കുകയാണെങ്കിൽ ഇതു ബാധകമല്ല. കടമെടുപ്പു പരിധി ഒരു ശതമാനമെങ്കിലും വർധിപ്പിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ഇത് ഏകീകൃതമാണ്. 15–ാം ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ചാണ് ഈ പരിധി നിശ്ചയിച്ചിരിക്കുന്നത്. 3% ആണ് അടുത്ത തവണ. ഇതിനു പുറമേ ഊർജമേഖലയിലെ പരിഷ്കാരങ്ങൾ കണക്കിലെടുത്ത് 0.5% കൂടിയുണ്ടാകും.
ടി.വി സോമനാഥൻ
ഇന്ത്യയുടെ ധന സെക്രട്ടറി ടി.വി സോമനാഥൻ തമിഴ്നാട് സ്വദേശിയാണെങ്കിലും ഇനിഷ്യലിലെ ‘ടി’ തമിഴല്ല, കേരളമാണ്. കൃത്യമായി പറഞ്ഞാൽ തൃശൂർ ജില്ലയിലെ തൃക്കൂർ. സോമനാഥന്റെ പൂർവികർ തൃക്കൂരിൽ നിന്നു മദ്രാസിലേക്കു കുടിയേറിയവരാണ്.
ഭവനവായ്പ നിക്ഷേപം തന്നെ: ചിദംബരം
ന്യൂഡൽഹി∙ ഭവന വായ്പ നിക്ഷേപമല്ലെന്ന വാദം കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി.സോമനാഥൻ പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് എംപിയും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരം ആവശ്യപ്പെട്ടു.
‘സോമനാഥന്റെ വാദത്തോട് എത്ര പേർക്കു യോജിക്കാനാവും? ഭവന വായ്പയിൽ പ്രതിമാസമുള്ള തിരിച്ചടവ് ചെലവു തന്നെയാണ്; പക്ഷേ, ഭാവിയിൽ ആസ്തിയായി മാറുന്ന ചെലവാണത്. അതേ തുക അവധിയാഘോഷത്തിനു ചെലവിട്ടാൽ, ഒടുവിൽ ആസ്തി ഉണ്ടാവില്ല’ – ചിദംബരം ചൂണ്ടിക്കാട്ടി.
English Summary: Finance secretary TV Somanathan on new income tax