‘കേരളത്തിൽ ഗുസ്തി, ത്രിപുരയിൽ ചങ്ങാത്തം’; സിപിഎം – കോൺഗ്രസ് പരിഹാസവുമായി മോദി
Mail This Article
അഗർത്തല ∙ കേരളത്തിൽ പരസ്പരം ഗുസ്തി കൂടുന്നവരാണു ത്രിപുരയിൽ ചങ്ങാതിമാരായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയുടെ വികസനം തടസ്സപ്പെടുത്തിയതു വർഷങ്ങളായി സംസ്ഥാനം ഭരിച്ച സിപിഎമ്മും കോൺഗ്രസുമാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ രാധാകിശോർപുരിൽ ബിജെപി തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
പാവപ്പെട്ടവർ, ഗോത്രവിഭാഗക്കാർ, വനിതകൾ, യുവാക്കൾ എന്നിവർ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ദുർഭരണത്തിൽ പൊറുതിമുട്ടുകയായിരുന്നു. 5 വർഷം കൊണ്ട് 5,000 ഗ്രാമങ്ങളിലേക്കു ബിജെപി സർക്കാർ റോഡ് നിർമിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.
‘സിപിഎം ഭരണത്തിൽ ഭീതിയുടെ അന്തരീക്ഷമാണ് എങ്ങുമുണ്ടായിരുന്നത്. പിരിവായിരുന്നു പ്രധാന ലക്ഷ്യം. സിപിഎം അണികളായിരുന്നു പൊലീസ് സ്റ്റേഷനുകൾ നിയന്ത്രിച്ചിരുന്നത്. ഇപ്പോൾ ത്രിപുരയിൽ നിയമവാഴ്ചയുണ്ട്’– മോദി പറഞ്ഞു. രണ്ടു റാലികളിൽ പങ്കെടുത്ത മോദി നാളെ വീണ്ടും ത്രിപുരയിൽ എത്തും.
English Summary: "'Kushti' In Kerala, 'Dosti' In Tripura": PM Jabs Left-Congress Alliance