ADVERTISEMENT

ചെന്നൈ ∙ 14 കൊല്ലം മു‍ൻപു ശ്രീലങ്കൻ സേന വധിച്ചതായി പ്രഖ്യാപിച്ച എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ഉടൻ തിരിച്ചെത്തുമെന്നും ഉലക തമിഴക പേരവൈ പ്രസിഡന്റ് ഡോ.പഴ നെടുമാരൻ. പ്രഭാകരന് തിരിച്ചുവരാൻ പറ്റിയ സാഹചര്യങ്ങളാണു നിലവിലുള്ളതെന്ന് എൽടിടിഇ (ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) അനൗദ്യോഗിക വക്താവെന്ന് അവകാശപ്പെടുന്ന മുൻ കോൺഗ്രസ് നേതാവു കൂടിയായ അദ്ദേഹം പറഞ്ഞു. അവകാശവാദം ശ്രീലങ്കൻ സേന തള്ളി. 

തഞ്ചാവൂരിലായിരുന്നു നെടുമാരന്റെ പത്രസമ്മേളനവും വെളിപ്പെടുത്തലും. പ്രഭാകരൻ ആരോഗ്യവാനായി ഇരിക്കുന്നു. ലോകമെമ്പാടുമുള്ള തമിഴ് ഈഴം പ്രവർത്തകരോടും തമിഴരോടും പ്രഭാകരന് പിന്തുണ നൽകാൻ ആഹ്വാനം ചെയ്ത അദ്ദേഹം, തമിഴരുടെ ‘പുതിയ പ്രഭാത’ത്തിനും പുരോഗതിക്കും വേണ്ട നടപടി പ്രഭാകരൻ ഉടൻ പ്രഖ്യാപിക്കുമെന്നും പറഞ്ഞു. ഇന്ത്യയെ എതിർക്കുന്ന രാജ്യങ്ങളെ ശ്രീലങ്കൻ മണ്ണിൽ കാലുകുത്താൻ എൽടിടിഇ അനുവദിച്ചിരുന്നില്ല. 

എന്നാൽ, പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന വാദത്തിന് തെളിവ് നൽകാൻ അദ്ദേഹം വിസമ്മതിച്ചു. പ്രഭാകരൻ ജീവനോടെ തിരിച്ചു വന്നാൽ നേരിൽ പോയി കാണുമെന്നു തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്.അഴഗിരി പറഞ്ഞു. 

അന്നും അവിശ്വസിച്ച് ശ്രീലങ്കൻ തമിഴർ

ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷത്തിനു വേണ്ടി സായുധ പോരാട്ടത്തിന് നേതൃത്വം നൽകിയ പ്രഭാകരനെ 2009 മേയ് 18 ന് വടക്കൻ മുല്ലത്തീവ് ജില്ലയിലെ മുല്ലവായ്ക്കലിൽ ശ്രീലങ്കൻ സൈന്യം വധിച്ചതായി പ്രഖ്യാപിച്ചിരുന്നു. മൃതദേഹത്തിന്റെ ചിത്രവും പുറത്തുവിട്ടിരുന്നു. എങ്കിലും ചില തമിഴ് ദേശീയവാദികൾ ഇത് ഇപ്പോഴും വിശ്വസിക്കുന്നില്ല. 2009 ൽ യുദ്ധമേഖലയിൽ നിന്ന് രക്ഷപ്പെട്ട ശേഷവും പ്രഭാകരൻ ജീവനോടെയുണ്ടെന്നാണ് ഇവർ വിശ്വസിക്കുന്നത്. 

1987 ൽ പാസാക്കിയ 13-ാം ഭേദഗതി നടപ്പാക്കാൻ ശ്രീലങ്കയ്ക്കു മേൽ ഇന്ത്യ സമ്മർദം ശക്തമാക്കിയതിനു പിന്നാലെ ലങ്കയിൽ ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതടക്കമുള്ള വിഷയങ്ങൾ പ്രതിരോധിക്കാൻ ശ്രീലങ്കൻ തമിഴർക്കു കൂടുതൽ ആത്മവിശ്വാസം നൽകാനാണ് ഇപ്പോഴത്തെ പ്രചാരണമെന്നും വിലയിരുത്തപ്പെടുന്നു. ശ്രീലങ്കയിലെ വംശീയ സംഘർഷം പരിഹരിക്കാൻ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും പ്രസിഡന്റ് ജെ.ആർ. ജയവർധനെയും ഒപ്പുവച്ചതാണ് ഈ കരാർ. 

സൈന്യത്തിന്റെ മരണ സർട്ടിഫിക്കറ്റ്

പ്രഭാകരൻ ജീവിച്ചിരിക്കുന്നുണ്ടെന്ന അവകാശവാദം ശ്രീലങ്ക തള്ളി. മരണം സ്ഥിരീകരിക്കുന്ന ഡിഎൻഎ ഫലം കയ്യിലുണ്ടെന്ന് കരസേനാ വക്താവ് ബ്രിഗേഡിയർ രവി ഹെറാത്ത് പറഞ്ഞു. വാർത്തകൾ വിശകലനം ചെയ്ത ശേഷം നടപടി സ്വീകരിക്കുമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു.

English Summary: Velupillai Prabhakaran still alive, says P Nedumaran 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com