വീടുകളിലെത്തി മുഖ്യമന്ത്രി മണിക് സാഹ; കാൽനടയായി പ്രചാരണം
Mail This Article
നിയമസഭാ തിരഞ്ഞെടുപ്പിൽ സൂനാമി പോലെ ഒന്ന് സംഭവിക്കുമെന്നും ബിജെപി കൂടുതൽ സീറ്റോടെ അധികാരത്തിലെത്തുമെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു. ബിപ്ലബ് ദേബിനെ നിയമസഭാ തിരഞ്ഞെടുപ്പിന് 9 മാസം മുൻപ് മാറ്റിയതു തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ഉണ്ടാകുമെന്നു കരുതിയല്ലെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. സിപിഎം-കോൺഗ്രസ് സഖ്യം ശക്തമായി രംഗത്തുള്ളതും ഗോത്രമേഖലയിൽ തിപ്ര മോത്ത തരംഗം സൃഷ്ടിക്കുന്നതും ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് ബിപ്ലബ് ദേബിനെ മാറ്റി ദന്തഡോക്ടറായ മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. ത്രിപുര ബിജെപി സംസ്ഥാന അധ്യക്ഷനായ അദ്ദേഹം പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി എംഎൽഎ ആയതും. ബിജെപിയിൽ നിന്ന് എംഎൽഎസ്ഥാനം രാജിവച്ച് കോൺഗ്രസിലെത്തിയ ആശിഷ് കുമാർ സാഹയാണ് ഇത്തവണയും ടൗൺ ബർദ്വാലിയിൽ അദ്ദേഹത്തിന്റെ എതിരാളി. ഉപതിരഞ്ഞെടുപ്പിൽ 6000 വോട്ടിനാണ് ആശിഷ് കുമാർ സാഹയെ തോൽപിച്ചത്.
നരേന്ദ്ര മോദി മുതൽ അമിത് ഷാ വരെയുള്ള ദേശീയ നേതാക്കൾക്കൊപ്പം റാലികളിൽ പങ്കെടുക്കുമ്പോഴും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെന്നപോലെ വീടുകൾ കയറിയിറങ്ങി വോട്ടുചോദിക്കുന്ന രീതിയാണ് മണിക് സാഹയ്ക്ക് ഇഷ്ടം. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ മിക്കവാറും ദിവസങ്ങളിൽ പുലർച്ചെയും വൈകിട്ടും കാൽനടയായി വീടുകളിലെത്തുകയാണു മുഖ്യമന്ത്രി.
60 അംഗനിയമസഭയിൽ 36 സീറ്റാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത്. ഇത്തവണ എംഎൽഎമാരുടെ എണ്ണം വർധിക്കുമെന്ന് അദ്ദേഹം പറയുന്നു. ‘സിപിഎമ്മും കോൺഗ്രസും കണക്കുകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. എന്നാൽ, ജനവിശ്വാസത്തിനപ്പുറമല്ല ഈ കണക്കുകൾ’ – അദ്ദേഹം പറഞ്ഞു.
സിപിഎം-കോൺഗ്രസ് സഖ്യം ശക്തിയാർജിക്കുകയാണ്. തിരഞ്ഞെടുപ്പു വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടോ?
തീർച്ചയായും. പരസ്പരം ശത്രുക്കളെപ്പോലെ പെരുമാറിയിരുന്ന അവരുടെ സഖ്യം അധാർമികമാണ്. സിപിഎം അക്രമത്തെക്കുറിച്ച് അറിയുന്ന കോൺഗ്രസുകാർ അവർക്കു വോട്ടു ചെയ്യില്ല; തിരിച്ചും.
തിരഞ്ഞെടുപ്പിന് ഒരുവർഷം പോലും ബാക്കിയില്ലാത്തപ്പോൾ മുഖ്യമന്ത്രിയെ മാറ്റിയത് ഭരണവിരുദ്ധവികാരം കൊണ്ടല്ലേ?
ഇതു പാർട്ടിയുടെ തീരുമാനമാണ്. ത്രിപുരയിൽ മാത്രമല്ല, മറ്റു ചില സംസ്ഥാനങ്ങളിലും ഈ രീതി പിന്തുടർന്നിട്ടുണ്ട്. ഇവിടെ ഭരണവിരുദ്ധവികാരമില്ല.
ഗോത്ര മേഖലയിലെ 20 സീറ്റുകൾ നിർണായകമായിരിക്കും. വിശാല തിപ്രലാൻഡ് എന്ന തിപ്ര മോത്തയുടെ ആവശ്യത്തിനൊപ്പമല്ലേ ഗോത്രവിഭാഗക്കാർ?
ഗോത്രമേഖലകളിൽ ബിജെപിക്ക് ശക്തമായ സ്വാധീനമുണ്ട്. തിപ്ര മോത്ത മാത്രമാണ് വിശാല തിപ്രലാൻഡിനു വേണ്ടി വാദിക്കുന്നത്; എല്ലാ ഗോത്രവിഭാഗക്കാരുമല്ല. ബിജെപിയാണ് ഗോത്രവിഭാഗക്കാർക്കൊപ്പം പ്രവർത്തിക്കുന്ന പാർട്ടി.
തിരഞ്ഞെടുപ്പിനു ശേഷം തിപ്ര മോത്തയുമായി ധാരണയുണ്ടാകുമോ?
അതിനുള്ള സാധ്യത വിദൂരമാണ്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിയും സഖ്യകക്ഷിയായ ഐപിഎഫ്ടിയും നേടും.
ഈ തിരഞ്ഞെടുപ്പിൽ ജനം ചർച്ചചെയ്യുന്ന പ്രധാന വിഷയങ്ങൾ എന്താണ്?
വികസനം മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വികസനമാണ് ഇവിടെ നടക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന ഭരണമാണ് 5 വർഷം ഇവിടെയുണ്ടായത്.
English Summary: Tripura chief minister Manik Saha door to door campaign forTripura Assembly Election 2023